ഇരച്ചുവന്ന് ബുൾഡോസറുകൾ... കുടിവെള്ളം പോലുമില്ലാതെ കുടുംബങ്ങൾ
ന്യൂഡൽഹി
മുന്നറിയിപ്പൊന്നുമില്ലാതെ മുനിസിപ്പൽ അധികൃതരെത്തി വീടുകൾ പൊളിച്ചതോടെ ദുരിതത്തിലായി ജഹാംഗീർപുരി നിവാസികൾ. വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മാറ്റാൻ പോലും സമ്മതിക്കാതെയാണ് പൊളിച്ചുനീക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുഞ്ഞുങ്ങടക്കമുള്ളവർ വീടിന്റെ അവശിഷ്ടങ്ങളിൽ തങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ തിരയുന്നത് സങ്കടക്കാഴ്ചയായി.
ഇന്നലെ രാവിലെ എഴുന്നേറ്റപ്പോഴാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ എത്തിയതെന്ന് 72കാരനായ ജമാലുദ്ദീൻ പറയുന്നു. പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാനാണ് ബുൾഡോസറുകൾ വന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീട് തകർക്കാൻ പോവുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജമാലുദ്ദീന്റെ വീടിന്റെ മുൻവശമാണ് ഇടിച്ചുനിരത്തിയത്. ഇതിനൊപ്പം വീട്ടിലേക്കുള്ള വെള്ളത്തിന്റെ പൈപ്പും കുളിമുറിയും ഇടിച്ചുനിരത്തി. ഏഴംഗങ്ങളുള്ള തന്റെ കുടുംബത്തിലേക്ക് ഇനി വെള്ളം ലഭിക്കാൻ മറ്റു വഴിയില്ലെന്നും നോമ്പുകാലമായതിനാൽ ഏറെ ബുദ്ധിമുട്ടിലാണെന്നും ജമാലുദ്ദീൻ പറയുന്നു. നിരവധി ഉന്തുവണ്ടികൾ ഉൾപ്പെടെയുള്ളവയും കോർപറേഷൻ തകർത്തവയിൽ ഉൾപ്പെടുന്നു. ഒരു നോട്ടിസും നൽകാതെയാണ് ഉന്തുവണ്ടി തകർത്തതെന്ന് ഇരകളിലൊരാളായ ജാമില പറഞ്ഞു. താനും തന്റെ ഭർത്താവും രണ്ട് പതിറ്റാണ്ടായി ഇവിടെ ഉന്തുവണ്ടിയിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്. ഇത് പ്രതികാര ബുദ്ധിയോടെ ചെയ്യുന്നതാണെന്നും അവർ പറഞ്ഞു.
തന്റെ കട ഒന്നും ചെയ്യില്ലെന്ന് അധികൃതർ ആദ്യം പറഞ്ഞെങ്കിലും പൊളിച്ചുനീക്കിയെന്ന് പ്രദേശവാസിയായ റഹീമ പറഞ്ഞു. 15,000 രൂപ കടം വാങ്ങിയാണ് താൻ കടയിലേക്കുള്ള ഫ്രിഡ്ജ് വാങ്ങിയതെന്നും ഇതടക്കമാണ് തകർത്തതെന്നും അവർ കൂട്ടിച്ചേർത്തു.
പള്ളിക്ക് തൊട്ടടുത്ത് ഓട്ടോ മൊബൈൽ റിപ്പയർ ഷോപ്പ് നടത്തുന്ന ആഷുവിന്റെ കടയും തകർത്തു. 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആഷുവിന് ഉണ്ടായിരിക്കുന്നത്. അറ്റകുറ്റപണികൾക്കായി ഉപഭോക്താക്കൾ നൽകിയ രണ്ട് ബുള്ളറ്റുകൾ ഉൾപ്പെടെയാണ് കോർപറേഷൻ അധികൃതർ തകർത്തത്.
നിരവധി കടകളും സമാനമായ രീതിയിൽ കോർപറേഷൻ തകർത്തിട്ടുണ്ട്. തന്റെ കട നിയമപരമായി സ്ഥാപിച്ചതാണെന്നും എന്നാൽ ഇതൊന്നും കേൾക്കാതെയാണ് പൊളിച്ചതെന്നും ജ്യൂസ് കട നടത്തുന്ന ഗണേഷ് കുമാർ ഗുപ്ത പറഞ്ഞു. റമദാനിൽ മുസ് ലിംകളെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ നടത്തിയതെന്ന് എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."