HOME
DETAILS
MAL
കാര്യമായ ചലനമുണ്ടാക്കാതെ അരാഷ്ട്രീയ കൂട്ടായ്മകള്‍; ട്വന്റി 20 മൂന്നാമത്
backup
May 03 2021 | 21:05 PM
കൊച്ചി: പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ രംഗത്തെത്തിയ അരാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
തദ്ദേശതെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്റി 20 എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനോ രണ്ടാമതെത്താനോ കഴിഞ്ഞില്ല. അവരുടെ ശക്തികേന്ദ്രമായ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളുള്‍പ്പെട്ട കുത്തനുനാട് മണ്ഡലത്തില്‍ 42,701 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനെ ട്വന്റി 20 സ്ഥാനാര്‍ഥി ഡോ.സുജിത് പി. സുരേന്ദ്രന് കഴിഞ്ഞുള്ളു. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഇവര്‍ 39,164 വോട്ടുകള്‍ നേടിയിരുന്നു. ഈ വോട്ടിങ് ചരിത്രത്തിന്റെ ബലത്തില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ ഇത്തവണ വിജയം കൊയ്യുമെന്നും നിയമസഭയില്‍ ട്വന്റി 20ക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നുമുള്ള അവകാശവാദങ്ങള്‍ വരെ ഉയര്‍ന്നിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഒരുഘട്ടത്തില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളെയും വിയര്‍പ്പിക്കുന്ന തരത്തില്‍വരെ ഇവരുടെ സാന്നിധ്യം സജീവമാകുകയും ചെയ്തിരുന്നു.
എന്നാല്‍ വോട്ടെടുപ്പില്‍ ഇതൊന്നും പ്രതിഫലിച്ചില്ല.ഇന്നലെ രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സജീന്ദ്രനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. ശ്രീനിജിനും മാറി മാറി മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 2,715 വോട്ടിന് ശ്രീനിജിന്‍ ജയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരുഘട്ടത്തില്‍പോലും ട്വന്റി 20 സ്ഥാനാര്‍ഥി മുന്നിലെത്തിയില്ല. മത്സരിച്ച മറ്റുമണ്ഡലങ്ങളായ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍, എറണാകുളം, കൊച്ചി എന്നിവിടങ്ങളിലും ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനാത്തെത്തിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ നേടാനായില്ല. അതേസമയം തൃക്കാക്കരയില്‍ നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി യു.ഡി.എഫിനെ തറപറ്റിച്ചുവെന്ന് അവകാശപ്പെടുന്ന വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി ആകട്ടെ മത്സരിച്ച മൂന്നിടങ്ങളിലും ഏറെ പിന്നിലായി. കൊച്ചിയില്‍ മത്സരിച്ച വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന് വെറും 2,149 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."