വിമാനം തീപിടിച്ച് തകര്‍ന്നു വീണ് ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; മകള്‍ക്ക് ഗുരുതര പരുക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. 63കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലന്‍ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 33കാരിയായ മകള്‍ റീവ ഗുപ്തയ്ക്കും പൈലറ്റിനും ഗുരുതരമായി പരുക്കേറ്റു. ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ ചെറോക്കി വിമാനമാണ് തകര്‍ന്ന് വീണത്.
വിമാനം ലാന്റിങ്ങിന് മുമ്പ് തീ പിടിക്കുകയും തകര്‍ന്ന് വീഴുകയുമായിരുന്നു. കോക്പിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായി പൈലറ്റ് പറഞ്ഞുവെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമാനം തകര്‍ന്നുവീണ ഉടന്‍ തന്നെ റോമ മരിച്ചു.റീവയും പൈലറ്റ് ഇസ്ട്രക്ടറും ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് രണ്ടുപേരേയും വിമാനത്തില്‍ നിന്നും വലിച്ചെടുത്ത് രക്ഷിച്ചത്. യുഎസില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ് റീവ. അപകടത്തില്‍പെട്ട വിമാനത്തിന് നേരത്തെ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാ പരിശോധനകളും പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം തുടരും. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."