കൊട്ടാരക്കര എം.സി റോഡിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞു; വാതക ചോർച്ച തടയാനുള്ള ശ്രമം പുരോഗമിക്കുന്നു, ഗതാഗത നിയന്ത്രണം
കൊല്ലം: കൊട്ടാരക്കര പനവേലിയിൽ എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ടാങ്കര്‍ ലോറിയുടെ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലിസ് അറിയിച്ചു.
ടാങ്കറിലെ വാതകം നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു. ടാങ്കറിലേക്ക് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. മറ്റൊരു ടാങ്കർ എത്തിച്ചത്തിനു ശേഷം ഇന്ധനം മാറ്റും.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വെട്ടിക്കവലയിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിട്ട് സദാനന്ദപുരത്ത് കയറുന്ന രീതിയിലാണ് നിലവിൽ ഗതാഗത സൗകര്യം ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."