ഹനിയ്യ കുടുംബത്തെ കൊലപ്പെടുത്തിയത് നെതന്യാഹുവും പ്രതിരോധ മന്ത്രിയും അറിയാതെ?; ലക്ഷ്യം വെടിനിര്‍ത്തല്‍ ചര്‍ച്ച അട്ടിമറിക്കാന്‍
ഗസ്സ സിറ്റി: ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ കുടുംബത്തെ കൊലപ്പെടുത്തിയത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും അറിയാതെയെന്ന് റിപ്പോര്‍ട്ട് . ഇസ്‌റാഈല്‍ മാധ്യമങ്ങളുടേതാണ് റിപ്പോര്‍ട്ട്. സൈന്യവും ശിന്‍ബെറ്റ് ഇന്റലിജന്‍സ് വിഭാഗവുമാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, റഫയിലെ ആക്രമണത്തിന് തീയതി കുറിച്ചുകഴിഞ്ഞെന്ന് കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ച നെതന്യാഹുവിനെ അറിയിക്കാതെ ഇത് നടത്തേണ്ടതില്ലെന്ന് പകല്‍പോലെ വ്യക്തം.
അവരുടെ ലക്ഷ്യം വളരെ വലുതായിരുന്നുവെന്നാണ് സൂചന. കൈറോയില്‍ ഇപ്പോഴും തുടരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വിജയം കാണരുതെന്ന് ഇസ്‌റാഈലില്‍ ഒരു വിഭാഗം തീര്‍ച്ചയായും ആഗ്രഹിക്കുന്നു. ഹനിയ്യയെ പ്രകോപിപ്പിച്ചാല്‍ ഹമാസ് പിന്‍വലിയുമെന്നും അതുവഴി പിന്മാറ്റം അവരുടെ തലയില്‍ വെച്ചുകെട്ടാമെന്നുമാണ് വലിയ നേട്ടം. അതിന് ഏറ്റവുമെളുപ്പമുള്ള വഴിയെന്ന നിലക്കാണ് പെരുന്നാള്‍ ദിനം തിരഞ്ഞുപിടിച്ച് ഹനിയ്യയുടെ ഏറ്റവും പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയത്.
ഗസ്സ: ചെറിയ പെരുന്നാള്‍ ദിനമായ ബുധനാഴ്ച ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ അല്‍ ശാതി അഭയാര്‍ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹനിയയുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. മിസൈല്‍ കാറില്‍ പതിച്ചാണ് മക്കളും പേരക്കുട്ടികളും മരിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
61കാരന്റെ മൂന്നു മക്കള്‍ ഹമാസുകാരാണെന്ന് ഇസ്ര്‌റാഈല്‍ ആരോപിക്കുന്നുണ്ടെങ്കിലും ഏതുതരത്തില്‍ അവര്‍ സംഘടനക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്നതിന് ഉത്തരമില്ല. നാലു പിഞ്ചു മക്കളുടെ ജീവനെടുത്തതിനെ കുറിച്ച് മിണ്ടുന്നുമില്ല.
മക്കളുമുള്‍പ്പെടെ ഹനിയ്യയുടെ കുടുംബത്തിലെ 60 പേര്‍ ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്‌റാഈല്‍ കരുതുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഹമാസിനെ ആവശ്യങ്ങളില്‍നിന്നു പിന്തിരിപ്പിക്കാനാകുമെന്നു കരുതേണ്ടെന്നും ഹനിയ വ്യക്തമാക്കി.
പെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളില്‍ വന്‍ കുരുതിയാണ് ഇസ്‌റാഈല്‍ നടത്തിയത്. നുസൈറാത്ത്, അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പുകളില്‍ നിരവധി പേരെ വധിച്ച ഇസ്‌റാഈല്‍ ബോംബറുകള്‍ ഏറ്റവും കൂടുതല്‍ പേര്‍ വസിക്കുന്ന റഫയിലും വ്യാപക ബോംബിങ്ങാണ് നടത്തിയത്. വടക്കന്‍ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കം ഇനി ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."