പ്രതിദിന വൈദ്യുതി ഉപഭോഗം 9 കോടി യൂനിറ്റ്; റെക്കോഡ് തിരുത്തി ആഭ്യന്തര ഉൽപാദനം ഉയർത്തി, സംസ്ഥാനത്ത് നിലവിൽ പ്രതിസന്ധിയില്ല
ബാസിത് ഹസൻ
തൊടുപുഴ
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 9 കോടി യൂനിറ്റ് പിന്നിട്ടു. ഇത് സർവകാല റെക്കോഡാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 9.03 കോടി യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടിയതോടെ ആഭ്യന്തര ഉത്പ്പാദനം 3.22 കോടി യൂനിറ്റായി ഉയർത്തി. 5.81 കോടി യൂനിറ്റ് കേന്ദ്ര പൂളിൽ നിന്നും ദീർഘകാല കരാർ വഴിയും എത്തിച്ചു. സംഭരണശേഷിയുടെ 38 ശതമാനം വെള്ളം അണക്കെട്ടുകളിൽ നിലവിലുള്ളതിനാൽ സംസ്ഥാനത്ത് ഉടൻ പ്രതിസന്ധിക്ക് സാധ്യതയില്ല. അതേസമയം ഉപഭോഗം ദിവസങ്ങളോളം ഉയർന്നു നിൽക്കുകയും വലിയ പദ്ധതികളിലെ ജനറേറ്ററുകൾക്ക് അപ്രതീക്ഷിത തകരാറുകൾ സംഭവിക്കുകയും ചെയ്താൽ സ്ഥിതി ഗുരുതരമാകും. ഇപ്പോൾ തന്നെ ശബരിഗിരിയിലെ രണ്ട് ജനറേറ്ററുകൾ ഷട്ട്ഡൗണിലാണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ പവർ എക്‌സ്‌ചേഞ്ചിൽ വൈദ്യുതി വില കുതിച്ചുയരുകയാണ്. യൂനിറ്റിന് 12 രൂപയ്ക്ക് മുകളിലാണ് പീക്ക് സമയങ്ങളിൽ വില. ഈ തുക നൽകിയാൽ പോലും വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിങും പവർ കട്ടും പവർ ഹോളിഡേയും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത നിലയമായ ഇടുക്കിയിൽ ഇന്നലെ 15.355 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.ശബരിഗിരി 5.315, ഇടമലയാർ 1.379, കുറ്റ്യാടി 2.8026, നേര്യമംഗലം 0.5712, ലോവർപെരിയാർ 0.818, ചെങ്കുളം 0.297 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിൽ ഉൽപാദിപ്പിച്ച വൈദ്യുതി. അന്തരീക്ഷ താപനിലയിൽ കുറവ് വന്നെങ്കിലും ഈർപ്പം കൂടി നിൽക്കുന്നതിനാൽ ശക്തമായ ഉഷ്ണം അനുഭവപ്പെടുന്നത് എ.സി പോലുള്ളവയുടെ ഉപയോഗം കൂട്ടിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ ഇതും കാരണമാണ്.
കുണ്ടള ഡാം
ഇന്ന് തുറക്കും
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ഡാം ഇന്ന് രാവിലെ 11 ന് തുറക്കും. ഡാമിന്റെ ഡിസ്പേഴ്സർ വാൽവ് തുറന്ന് ആറ് ക്യൂമെക്‌സ് ജലം മാട്ടുപ്പെട്ടി ഡാമിലേക്ക് ഒഴുക്കി വിടും.
മാട്ടുപ്പെട്ടിയുടെ സ്റ്റോറേജ് ഡാമാണ് കുണ്ടള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."