ബ്രഹ്മപുരത്ത് ആരോഗ്യ സര്‍വേ ആരംഭിച്ചു; 1249 പേര്‍ ചികിത്സ തേടി
തിരുവനന്തപുരം: കൊച്ചി നഗരം സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ പരിസരപ്രദേശത്ത് ആരോഗ്യ സര്‍വേ ആരംഭിച്ചു.
1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചില്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 1249 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണി വരെയുള്ള കണക്കാണിത്.
ആരോഗ്യ സര്‍വേ നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. മൂന്ന് ട്രെയിനിങ് പ്രോഗ്രാമുകളിലായി 148 ആശ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പരിശീലനം നല്‍കി. ഇതോടെ രണ്ടു ദിവസങ്ങളിലായി 350 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. നിലവില്‍ സഹായം ആവശ്യമുള്ളവരെ ഉടന്‍ കണ്ടെത്തി സേവനങ്ങള്‍ നല്‍കുന്നതിനും കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടര്‍ നിരീക്ഷണങ്ങളും സേവനങ്ങളും നല്‍കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി വരുന്നു. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 6 മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 544 പേര്‍ക്ക് സേവനം നല്‍കി.
പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൊച്ചിയില്‍ ഒരാരോഗ്യ പ്രശ്‌നവുമില്ല എന്ന് താന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."