ബഷീറിന്റെ 'മതിലുകൾ'ക്ക് അറബി വിവർത്തനമൊരുക്കി മുഹമ്മദ് ശബീബ് വാഫി
മഞ്ചേരി • ജയിൽ ഭിത്തിക്കപ്പുറത്ത് നിന്ന് പരസ്പരം കണ്ടുമുട്ടാതെയുള്ള ബഷീറിന്റെയും നാരായണിയുടെയും വിഖ്യാതമായ പ്രണയ ജീവിതം പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' നോവൽ അറബ് ലോകത്തെ വായനക്കാരിലേക്കെത്തുന്നു. കാവനൂർ മജ്മഅ് ശരീഅത്ത് ആൻഡ് ആർട്സ് കോളജിലെ അവസാന വർഷ വാഫി വിദ്യാർഥിയായ മുഹമ്മദ് ശബീബ് കൂട്ടിലങ്ങാടിയാണ് നോവൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബ് പ്രസാധകരായ അൽരിവായ പബ്ലിക്കേഷനാണ് പ്രസാധകർ.
വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്കത്തിന്റെ പ്രകാശനം നടക്കും.
ബഷീറിന്റെ രാഷ്ട്രീയ തടവുജീവിതം പ്രമേയമായ നോവൽ മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയമായ അദ്ധ്യായമാണ്. പ്രണയത്തിന്റെ പുതിയ ആഖ്യാന ലോകം തുറന്നുവെച്ച മതിലുകൾ 1964 ലാണ് മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. നേരത്തെ നോവലിന് ഹിന്ദിയിലും ഇംഗ്ലീഷിലും പരിഭാഷകൾ പുറത്തിങ്ങിയിരുന്നു. കാവനൂർ മജ്മഅ് ശരീഅത്ത് ആൻഡ് ആർട്സ് കോളജ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിപ്പാർട്ടുമെന്റിൽ അവസാന വർഷ വിദ്യാർഥിയായ മുഹമ്മദ് ശബീബ് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടിയിട്ടുണ്ട്.
നിലവിൽ അറബിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. വിവിധ ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. മലപ്പുറം കൂട്ടിലങ്ങാടി കക്കാട് സ്വദേശിയായ തോരപ്പ അബൂബക്കർ മുസ്‌ലിയാർ, ചീരക്കൽ ഫാത്വിമ ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."