സഭയ്ക്ക് പുറത്തോ അടിയന്തര പ്രമേയങ്ങൾ!
ബ്രഹ്മപുരത്തെ മാലിന്യത്തിന് പിടിച്ച തീ വിഷപ്പുകയായി കൊച്ചി നഗരത്തെ കീഴടക്കി പ്രദേശവാസികളുടെ ഉറക്കംകെടുത്തിയിരുന്നുവെങ്കിൽ ഇപ്പോൾ നിയമസഭയിൽ നിന്നുള്ള തീയും പുകയും ജനാധിപത്യവിശ്വാസികളുടെ മനസിലാണ് പൊള്ളലേൽപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസമായി കേരള നിയമസഭയിൽ അരങ്ങേറുന്നത് ആശ്വാസകരമായ കാര്യങ്ങളല്ല. നിയമസഭാ സമ്മേളനത്തിനിടെ ഇന്നലെ നടന്നത് അസാധാരണവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ്. സ്പീക്കറുടെ ഒാഫിസിനു മുമ്പിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡുമാർ കായികമായിട്ടാണ് നേരിട്ടത്. വടകര എം.എൽ.എ കെ.കെ രമയുടെ കൈയെല്ല് പൊട്ടി. തളർന്നുവീണ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനുനേരെയും കൈയേറ്റ ശ്രമമുണ്ടായി. ഒമ്പതോളം വാച്ച് ആൻഡ് വാർഡുമാരും ചികിത്സ തേടി.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം പ്രതീകാത്മകമായി സമാന്തര സഭാസമ്മേളനം ചേർന്ന് അവതരിപ്പിക്കേണ്ടിവന്നത് കേരളം കണ്ടതാണ്. തുടർച്ചയായി അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുന്നതാണ് സഭ പ്രക്ഷുബ്ധമാകാൻ ഇടയാക്കുന്നത്. കേരള നിയമസഭയിൽ കേട്ടുകേൾവിയില്ലാത്ത പ്രതിഷേധങ്ങളാണ് ഇതിനെ തുടർന്ന് അരങ്ങേറിയത്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ലോക്‌സഭയിലും രാജ്യസഭയിലുമൊക്കെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് കേരളവും ഏറെ ചർച്ച ചെയ്തതാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്കുവരെ ഓഫാക്കിയ ഏകാധിപത്യ നിലപാടിന്റെ നേർക്കാഴ്ച കേരള നിയമസഭയിലും ആവർത്തിക്കുന്നുവോ! ഇതേ പരീക്ഷണത്തിന് കേരള നിയമസഭയും വേദിയാകുകയാണോ എന്ന ആശങ്കയാണ് സമ്മേളന പ്രക്രിയകളെ പുറത്തുനിന്ന് വീക്ഷിക്കുന്ന ആർക്കും ഉണ്ടാകുകയെന്നത് സ്വാഭാവികം. എങ്കിൽ ഇത് അപകടകരമായ അവസ്ഥയാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനാധിപത്യത്തിന് മഹത്വം ഉയർത്തിപ്പിടിക്കേണ്ട സഭയിലാണ് ഒട്ടും ആശാസ്യകരമല്ലാത്ത കാര്യങ്ങൾ നടക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതാണ് സഭാതലം അപൂർവമായ സമരങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷിയാകാൻ ഇടവന്നത്. ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാതലത്തിൽ കൊച്ചി കോർപറേഷൻ ഓഫിസിൽ പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാരെ പൊലിസ് ലാത്തിചാർജ് ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ചൊവ്വാഴ്ചയിലെ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ 900 ലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും സഭയിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്നുമുള്ള നിലപാടായിരുന്നു സ്പീക്കർ എ.എൻ ഷംസീർ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയമായതിനാൽ സ്പീക്കർ അനുമതി നിഷേധിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. സഭയിലെ മുഖ്യമന്ത്രിയുടെ മൗനത്തിന് തടയിടാനുള്ള പ്രതിപക്ഷ ശ്രമം സ്പീക്കർ തടഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറാകട്ടെ 'നിങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റുപോകും, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്' എന്നൊക്കെ നിലമറന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എൽ.എമാരെ നേരിട്ടത്. എന്തായാലും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ സമാന്തര അടിയന്തര പ്രമേയം അവതരിപ്പിച്ച് വിഷയം ചർച്ച ചെയ്തു പിരിഞ്ഞു.
മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഇന്നലെയും അടിയന്തര പ്രമേയമായി കൊണ്ടുവന്നപ്പോൾ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് വിദ്യാർഥിനിയെ മർദിച്ച സംഭവം ചർച്ച ചെയ്യണമെന്നായിരുന്നു ഉമാ തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിലെ ആവശ്യം. ഇതിനും സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതാണ് ബഹളങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കിയത്. സഭ വിട്ട പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ മുറിക്ക് പുറത്ത് പ്രതിഷേധിച്ചു. ഈ സമയത്താണ് വാച്ച് ആൻഡ് വാർഡ് എത്തി എം.എൽ.എമാരെ ബലമായി പിടിച്ചുമാറ്റിയതും സംഘർഷത്തിലേക്ക് നീങ്ങിയതും. തിരുവഞ്ചൂർ രാധാകൃഷ്ണനെ തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതിനിടെ ഭരണപക്ഷ അംഗങ്ങളായ എച്ച്. സലാമും സച്ചിൻ ദേവും എത്തി പ്രതിപക്ഷ എം.എൽ.എമാർക്ക് നേരെ തിരിഞ്ഞതും സംഘർഷാവസ്ഥ കൂട്ടാൻ ഇടയാക്കി. സംഘർഷത്തിനിടെയാണ് കെ.കെ രമയുടെ കൈയെല്ല് പൊട്ടിയതും സനീഷ് കുമാർ തളർന്നുവീണതും. അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം മന്ത്രി മുഹമ്മദ് റിയാസ് സഭയ്ക്കകത്തും പുറത്തും നടത്തി. സതീശൻ ഇതിന് ഉരുളക്കുപ്പേരിപോലുള്ള മറുപടിയും നൽകിയതോടെ സഭ മൂന്നാംകിട സിനിമാതിരക്കഥപോലെയായി.
അടിയന്തര പ്രമേയങ്ങൾ നിയമസഭാ ചർച്ചകളെ സജീവമാക്കുന്നതും ജനാധിപത്യത്തിനും ജനക്ഷേമത്തിനും ഊർജം പകരുന്നതുമാണ്. എന്നാൽ ഈ സമ്മേളന കാലയളവിൽ സ്പീക്കറും ഭരണപക്ഷവും അടിയന്തര പ്രമേയങ്ങളെയും ചർച്ചകളെയും സഭയ്ക്കു പുറത്തുനിർത്താൻ ശ്രമിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ തന്നെ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു വിഷയം സഭയുടേയും സമൂഹത്തിന്റേയും ശ്രദ്ധയിൽകൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസിന് സ്ഥിരമായി അനുമതി നൽകാതെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള സർക്കാരിന്റെയും സ്പീക്കറുടെയും നടപടി ജനാധിപത്യത്തെ എത്രത്തോളം ആരോഗ്യവത്കരിക്കും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."