സമഗ്ര സാമ്പത്തിക കരാര്‍: കേരളം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്ന് ആവശ്യം
ദുബൈ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാര്‍ പ്രവര്‍ത്തന നിരതമായതോടെ ഇരു രാജ്യങ്ങളുടെയും വാണിജ്യ, വ്യാപാര മേഖലയില്‍ പുത്തന്‍ ഉണര്‍വ്. കൊവിഡ് മഹാമാരിമൂലം തകര്‍ന്ന സാമ്പത്തിക മേഖലയെയെും ഇത് ഏറെ ഉദ്ദീപിപ്പിക്കുമെന്നാണ് വിവിധ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. വലിയ തോതില്‍ പ്രവാസികള്‍ യു.എ.ഇയില്‍ ഉള്ള കേരളത്തിനും കരാര്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പലരും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള കയറ്റിറക്കുമതികള്‍ നടന്നു തുടങ്ങി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, സിറോയ ജ്വല്ലേഴ്‌സ്, ജ്വല്‍ വണ്‍ ജ്വല്ലറി എന്നിവയുടെ ആഭരണങ്ങളും രത്‌നങ്ങളും ദുബൈയിലെത്തി. ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ട്രാന്‍സ് ഗാര്‍ഡ് ആസ്ഥാനത്ത് പ്രത്യേക ചടങ്ങു നടത്തിയായിരുന്നു കഴിഞ്ഞ ദിവസം ചരക്കു കൈമാറ്റം നടത്തിയത്. 7500 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളുമാണ് എത്തിയത്. സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇവ ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയില്‍നിന്ന് വാണിജ്യ സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യമാണ് കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തത്.
കേരളത്തിന്റെ പല തനത് ഉത്പ്പന്നങ്ങളും മാര്‍ക്കറ്റ് ചെയ്യാനുള്ള അസുലഭ സന്ദര്‍ഭമാണ് വന്നിരിക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരും വ്യവസായ വാണിജ്യ മേഖലയിലുള്ളവരും കൂടുതല്‍ ജാഗ്രതകാണിച്ചാല്‍ ഇതിന്റെ ഫലം വൈകാതെ പ്രകടമാകുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിന്റെ കൈത്തറി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി തീരുവയില്ലാതെ യു.എ.ഇയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന് വലിയ നേട്ടമാവും.
യു.എ.ഇ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിശിഷ്യാ കേരളത്തില്‍ നിന്നുള്ളവയ്ക്കും വലിയ ഡിമാന്റാണ് അനുഭവപ്പെടുന്നത്. കേരളത്തിന് കൂടുതല്‍ വിദേശനാണ്യം ഉറപ്പാക്കുന്നതാണ് കരാര്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
ഈമാസം ഒന്ന് മുതലാണ് ഇന്ത്യ,യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രാബല്യത്തില്‍ വന്നത്. തീരുവയില്ലാതെ നിരവധി ഉല്‍പന്നങ്ങള്‍ ഉദാരമായി കയറ്റുമതി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ യു.എ.ഇ യില്‍ എത്തുന്നതോടെ അത് അന്തര്‍ദേശീയമായി തന്നെ പ്രചാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. യു.എ.ഇ ഒരു ആഗോള മാര്‍ക്കറ്റായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ തന്നെയാണ് ഇത് സാധ്യമാവുന്നത് പലരും മുന്നില്‍കാണുകയാണ്. കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ കൂടുതലായി യു.എ.ഇ മുഖേന ലോക വിപണിയിലേക്ക് എത്തിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് ഇനി ഉണ്ടാകേണ്ടതെന്ന അഭിപ്രായമാണ് പരക്കെ ഉയര്‍ന്നു വരുന്നത്.
38 ലക്ഷത്തിലധികം രൂപയുടെ നികുതി ഇളവുകളാണ് കഴിഞ്ഞ ദിവസം വന്ന ഉത്പന്നങ്ങള്‍ക്ക് ലഭിച്ചത്. ഇന്ത്യയിലേക്കും കഴിഞ്ഞദിവസം സ്വര്‍ണക്കട്ടി കയറ്റുമതി ചെയ്തതായി യു.എ.ഇ രാജ്യാന്തര വ്യാപാര അസി. സെക്രട്ടറി ജുമ മൂഹമ്മദ് അല്‍ കെയ്ത് വ്യക്തമാക്കി. യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. യു.എ.ഇ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യയെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. ഇന്ത്യ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവുമാണ് യു.എ.ഇ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."