ഇടവേളയ്ക്കു ശേഷം പുതുമകളോടെ അധ്യാപക പരിശീലനങ്ങൾക്ക് തുടക്കം ആദ്യഘട്ടം വിദ്യാർഥികളുടെ വീട് സന്ദർശനം
ബഷീർ എടച്ചേരി
എടച്ചേരി (കോഴിക്കോട്)
നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമാകുന്നു. കൊവിഡ് കാരണം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതിനാൽ കഴിഞ്ഞ രണ്ടു വർഷമായി പരിശീലന പരിപാടികൾ നടന്നിരുന്നില്ല. ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പായി അധ്യാപക പരിശീലന പരിപാടികൾ പൂർത്തിയാക്കും. സർവശിക്ഷാ കേരളയുടെ (എസ്.എസ്.കെ) ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. സംസ്ഥാനതല ആർ.പിമാർക്കുള്ള പരിശീലനം പൂർത്തിയായി. അടുത്ത ആഴ്ച നടക്കുന്ന ജില്ലാതല പരിപാടി കൂടി കഴിഞ്ഞാൽ മെയ് 16 മുതൽ സബ്ജില്ലാ തലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും.
മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ പുതുമകളുമായാണ് ഇത്തവണത്തെ പരിശീലനം. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പായി ഓരോ അധ്യാപകനും തങ്ങൾ പഠിപ്പിക്കുന്ന 10 വീതം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തണം. ഈ സർവേയുടെ റിപ്പോർട്ടുമായാണ് അധ്യാപകർ പരിശീലന പരിപാടിയിൽ എത്തേണ്ടത്.
കൊവിഡ്കാല അനുഭവങ്ങളും പ്രയാസങ്ങളും ഓൺലൈൻ വിദ്യാഭ്യാസ അനുഭവങ്ങളുമാണ് റിപ്പോർട്ടിൽ ഉണ്ടാവുക. കുട്ടികളോടും രക്ഷിതാക്കളോടും ചോദിച്ചറിഞ്ഞ് തയാറാക്കിയ ഇത്തരം റിപ്പോർട്ടുകൾ പരിശീലന പരിപാടിയിൽ വിശദമായി ചർച്ച ചെയ്യും.
40 പേരുള്ള ഒരു ബാച്ചിൽ 400 വീടുകളിലെ കുട്ടികളുടെ അനുഭവങ്ങളാകും പങ്കുവയ്ക്കുക. കൊവിഡ് കാലം സൃഷ്ടിച്ച കുട്ടികളുടെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുകയെന്നതിനാണ് ഇത്തവണ ഊന്നൽ നൽകുന്നത്. കൊവിഡ് സമയത്ത് അധ്യാപകർ അനുഭവിച്ച മാനസിക പ്രശ്നങ്ങളും ചർച്ചാ വിഷയമാകും. ഓൺലൈൻ പഠനകാലത്തെ വിദ്യാലയങ്ങളിലെ മികവുകളും പരസ്പരം പങ്കുവയ്ക്കും. പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്കും പ്രാധാന്യം നൽകിയുള്ള മൊഡ്യൂളുകളാണ് പരിശീലനത്തിനായി തയാറാക്കിയിരിക്കുന്നത്.
ഇത്തവണ റസിഡൻഷ്യൽ ട്രെയിനിങ് നടക്കുമെന്നതും പുതുമയാണ്. താഴെത്തട്ടിലുള്ള അധ്യാപകരിൽ പലർക്കും നാലും അഞ്ചും ദിവസങ്ങൾ താമസിച്ചുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇതിന് ഇളവ് നൽകിയിട്ടുണ്ട്. ഒരു ജില്ലയിൽ ഒരു കേന്ദ്രം മാത്രമാകും റസിഡൻഷ്യൽ. ബാക്കി കേന്ദ്രങ്ങളിൽ സാധാരണ പോലെയാകും പരിശീലനം. അധ്യാപകർക്ക് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നാണ് ഇതു സംബന്ധിച്ച് ഇറക്കിയ അറിയിപ്പുകളിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."