സഊദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, ഏറ്റവും കുറഞ്ഞത് അമ്പതിനായിരം രൂപ
റിയാദ്: സഊദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിർബന്ധമാക്കിയതോടെ സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാതെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് ഇരുപത് മുതൽ പ്രാബല്യത്തിൽ വരുന്നത്.
പ്രധാന നഗരികളായ റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സഊദി എയർലൈൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സ്റ്റാറുകൾ ഉള്ള ഹോട്ടലുകൾ തിരഞ്ഞെടുത്താൽ പോലും 7 ദിവസത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരും.
ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് സഊദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. ഇതിൽ കൊവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 6 രാത്രി താമസവുമടങ്ങുന്ന പാക്കേജുകളാണ് നൽകുന്നത്. ബുക്കിങ്ങിനായി സഊദിയയുടെ ഈ ലിങ്കിൽ കയറാവുന്നതാണ്. https://m.holidaysbysaudia.com/en-US/static/quarantine_package
റിയാദിൽ 2,920 റിയാൽ മുതൽ 7,744 റിയാൽ വരെയാണു നിരക്കുകൾ. ജിദ്ദയിൽ 2,425 റിയാൽ മുതൽ 8,608 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മദീനയിൽ 2,443 റിയാൽ മുതൽ 3,352 റിയാൽ വരെയും ദമാമിൽ 3,100 റിയാൽ മുതൽ 3,424 റിയാൽ വരെയാണു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിരക്ക്.
വിമാന ടിക്കറ്റുകൾക്കൊപ്പം ക്വാറന്റൈൻ സംവിധാനവും സജ്ജീകരിക്കണമെന്നും അതിനുള്ള നിരക്കും ടിക്കറ്റിൽ ഉൾപ്പെടുത്തണമെന്നുമാണ് സഊദി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മറ്റു എയർലൻസുകളും ഉടൻ പാകേജുകൾ പുറത്ത് വിട്ടേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."