വ്രതം വിഭാവന ചെയ്യുന്ന സോഷ്യലിസം
വി.ഡി സതീശന്‍
ലോകമെമ്പാടുമുള്ള ഇസ്‌ലാംമത വിശ്വാസികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മശുദ്ധീകരണത്തിന്റേതുമായ പുണ്യമാസമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിനു വിധേയപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സമയം കണ്ടെത്തേണ്ട കാലം കൂടിയാണിത്. അതുകൊണ്ടുതന്നെ റമദാന്‍ നോമ്പിലൂടെ ഇസ്‌ലാം ലോകത്തിനു കാണിച്ചുകൊടുക്കുന്നത് ഏറ്റവും വലിയ സോഷ്യലിസമാണ്.
ദാനത്തിന്റെ മഹത്വം വ്യക്തമാക്കിക്കൊണ്ടാണ് ഓരോ റമദാന്‍ കാലവും കടന്നുപോകുന്നത്. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരുവിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ബോധ്യപ്പെടുത്തുന്നത്.
ആത്മാവിന്റെ പരിശുദ്ധി ഓരോ മുസല്‍മാന്റെയും മനസില്‍ ദര്‍ശിക്കാന്‍ നോമ്പുകൊണ്ട് സാധ്യമാവുന്നുണ്ട്. ത്യാഗം, സ്‌നേഹം, നന്ദി എന്നീ സന്ദേശങ്ങളാണ് ഇതിലൂടെ ലോകം മുഴുവന്‍ വ്യാപിക്കുന്നത്. ഇഫ്താര്‍ വിരുന്നുകള്‍ ഒരുമയുടെ നോമ്പുകാലത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
ചെറിയകുട്ടി മുതല്‍ മുതിര്‍ന്നവരും പാവപ്പെട്ടവനും പണക്കാരനും ഒരു കാരക്കച്ചീളു കൊണ്ട് നോമ്പ് തുറക്കുന്നത് തന്നെ വിശ്വമാനവികതയെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതോടൊപ്പം എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് നൽകുന്നത്. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പരമപ്രധാനമായ ഒരു പ്രവൃത്തിയാണ് നോമ്പ്.
വിശ്വാസത്തിലുപരി ആരോഗ്യപരമായ കാര്യങ്ങളും റമദാൻ വ്രതം വിശ്വാസിക്ക് നൽകുന്നുണ്ട്. ഈ പുണ്യമാസത്തിൽ എല്ലാ വിശ്വാസികൾക്കും ഞാൻ ആശംസകള്‍ നേരുന്നു. ഓരോ റമദാന്‍ ദിനവും മഹത്തരമാണെന്നു ഉള്ളില്‍തട്ടി പറയട്ടെ. ദൈവത്തിന്റെ അനുഗ്രഹം കൂടുതല്‍ ലഭിക്കാന്‍ വേണ്ടി നോമ്പെടുക്കുന്നു എന്ന കാഴ്ചപ്പാടിനപ്പുറം ദാനധര്‍മത്തിന്റെയും മനുഷ്യത്വത്തിന്റെയും സാഹോദര്യബോധത്തിന്റെയും ആരോഗ്യശ്രദ്ധയുടെയുമൊക്കെ നിരവധി പാഠങ്ങള്‍ റമദാന്‍ പകര്‍ന്നുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."