കൊവിഡ് ഇളവുകളിലെ ഇരട്ട നീതി; സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി അങ്കമാലി അതിരൂപതാ മുഖപത്രം
കൊച്ചി: കൊവിഡ് ഇളവുകളില്‍ സാധാരണക്കാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് സത്യദീപം ഉയര്‍ത്തുന്നത്.
രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവും മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നു.
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി ജനങ്ങളെ അകത്തിരുത്തിയതിനു ശേഷം മന്ത്രിസഭാ സത്യപ്രതിജ്ഞക്കായി നേതാക്കള്‍ ഒത്തുകൂടുന്നത് ഇരട്ട നീതിയാണെന്നും ആരോപിക്കുന്നുണ്ട്.
കൊവിഡിന്റെ രണ്ടാംതരംഗം സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിച്ചതാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് കാരണം.
ചികിത്സയ്ക്കും മരുന്നിനും ജീവവായുവിനും വേണ്ടി ജനം നെട്ടോട്ടമോടുമ്പോള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കി സെന്‍ട്രല്‍ വിസ്ത പണിയുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മാണവും വില നിര്‍ണയവും സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുള്ള വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചത് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായി.
ലോക്ക് ഡൗണ്‍കാലത്ത് സംസ്ഥാനത്ത് മരണാനന്തര ചടങ്ങുകള്‍ക്ക് പോലും 20 പേരെ മാത്രം അനുവദിക്കുമ്പോഴാണ് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. ഇതിന്റെ ന്യായം അരമണിക്കൂറിലേറെ സമയമെടുത്ത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചപ്പോള്‍ ജനങ്ങള്‍ക്ക് 'മനസിലായി.'എന്നാല്‍ കൊവിഡിന് അത് തിരിഞ്ഞോ എന്നും മുഖപ്രസംഗം പരിഹസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."