രാഹുല്‍ഗാന്ധിക്കായി സി.പി.എം ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും; ഉപതെരഞ്ഞെടുപ്പ് നേരിടാനും തയ്യാറെന്ന് എം.വി ഗോവിന്ദന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ഗാന്ധി പ്രതിനിധീകരിച്ചിരുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷ കക്ഷികള്‍ ആകെ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. കോടതിയുമായി ബന്ധപ്പെടുന്നുണ്ട്. ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കുകയും അതിനെ തുടര്‍ന്ന് പ്രതിപക്ഷ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ട എന്ന നിലപാടാണ് ബി.ജെ.പി. സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും', അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ അദ്ദേഹം നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളില്‍ തളയ്ക്കപ്പെടാന്‍ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാന്‍ ശക്തമായ പ്രതിരോധമുയര്‍ത്തണം 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍.
പ്രതിപക്ഷ പാര്‍ട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് . ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നു വരണം.- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."