സംസ്ഥാനത്ത് തേക്ക് വളർച്ച 40 ശതമാനം കുറഞ്ഞു; പരിഹാരം കണ്ടെത്താനാകാതെ അധികൃതർ
സി.പി സുബൈർ
മലപ്പുറം
സംസ്ഥാനത്ത് തേക്ക് വളർച്ച 40 ശതമാനം കുറഞ്ഞിട്ടും പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടിൽതപ്പി അധികൃതർ. ഇല തീനിപ്പുഴുക്കളുടേയും മറ്റു കീടങ്ങളുടേയും വ്യാപക ആക്രമണംമൂലം തേക്ക് പ്ലാന്റേഷൻതന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലും പരിഹാരം കണ്ടെത്താനാകാതെ കൈമലർത്തുകയാണ് വനംവകുപ്പും കേരള വന ഗവേഷണ കേന്ദ്ര (കെ.എഫ്.ആർ.ഐ)വും. ചെറുപ്രായത്തിലുള്ള ചെള്ള്(ഹോളോട്രിഷിയ), നിശാശലബങ്ങളുടെ ലാർവ തുടങ്ങിയവയാണ് തേക്കിന്റെ ഇലകളെ മാരകമായി ആക്രമിക്കുന്ന പ്രധാന ജീവികൾ.
ഇവ തേക്കിന്റെ ഇലകളും മുകുളങ്ങളും തിന്നുതീർക്കും. കെ.എഫ്.ആർ.ഐ നടത്തിയ പഠനത്തിലാണ് തേക്ക് പ്ലാന്റേഷൻതന്നെ ഇല്ലാതാകുന്ന തരത്തിൽ തേക്ക് വളർച്ച 40 ശതമാനം കുറഞ്ഞതായി കണ്ടെത്തിയത്. തേക്കിന്റെ വളർച്ച ക്രമാനുഗതമായി കുറയുന്നത് ശ്രദ്ധയിൽപെട്ട കെ.എഫ്.ആർ.ഐ ഒമ്പത് ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി 13 വർഷം നടത്തിയ പഠനത്തിൽ കീടങ്ങളെ നശിപ്പിക്കുന്ന വൈറസുകളെ 2008ലാണ് വികസിപ്പിച്ചെടുത്തത്. പ്രകൃതിക്ക് ദോഷമില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയ ഹിബ്ലിയ പ്യൂറ ന്യൂക്ലിയ പോളിഡ്രോണിക്‌സ് എന്ന ജൈവ കീടനിശിനിയാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഇത് വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ചാൽ ഇതിലെ വൈറസ് ഇലതീനി പുഴുവിന്റെ ശരീരത്തിൽ കയറി മൂന്ന് ദിവസത്തിനകം പുഴുവിനെ കൊല്ലും. പ്രകൃതിക്ക് മറ്റു ദോഷങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇവ ഇപ്പോഴും കോൾഡ് സ്‌റ്റോറേജിലാണ്. കീടനാശിനിയെക്കുറിച്ച് വേണ്ടരീതിയിൽ പഠനം നടത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയർന്നത്. ജൈവ കീടനാശിനി പ്രകൃതിക്ക് ഏതെങ്കിലും തരത്തിൽ ദോഷമുണ്ടാക്കുമോയെന്ന പഠനങ്ങളൊന്നും തുടർന്ന് നടന്നതുമില്ല. തേക്കുകളുടെ വളർച്ചക്കുറവുമൂലം 562 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നാണ് കെ.എഫ്.ആർ.ഐയുടെ കണ്ടെത്തൽ. എന്നാൽ കേരളത്തിൽ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച കീടനാശിനി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പത്ത് വർഷത്തിലേറെയായി ഉപയോഗിക്കുന്നുണ്ട്. ഇവിടെനിന്നൊന്നും കീടനാശിനിയുടെ ദൂഷ്യഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."