ആ രണ്ട് സെൻ്റിൽനിന്ന് പാത്തുമ്മക്കുട്ടിയെ കുടിയൊഴിപ്പിക്കും വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ
ഇല്യാസ് പള്ളിയാൽ
വൈത്തിരി (വയനാട്)
വീട് നിർമാണത്തിന് കനറാ ബാങ്കിൻ്റെ വൈത്തിരി ശാഖയിൽ നിന്ന് വായ്പയെടുത്ത പാത്തുമ്മക്കുട്ടിയെ തെരുവിലേക്ക് ഇറക്കിവിടാനൊരുങ്ങി ബാങ്ക് അധികൃതർ.
ചുണ്ടേൽ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന കാവുംപുറത്ത് പാത്തുമ്മ കുട്ടിയുടെ സ്ഥലവും വീടുമാണ് ബാങ്ക് ഇ-ലേലത്തിലൂടെ വിൽക്കുന്നത്. കഴിഞ്ഞദിവസം പത്രപരസ്യം കണ്ടാണ് പാത്തുമ്മക്കുട്ടി പോലും തൻ്റെ വീട് ജപ്തി ചെയ്യുന്ന വിവരം അറിയുന്നത്.
വീട് നിർമാണത്തിന് കനറാ ബാങ്കിൻ്റെ വൈത്തിരി ശാഖയിൽ നിന്ന് 7,65 ,999 രൂപ വായ്പ എടുത്തിരുന്നു. ഇതിൽ മൂന്നര ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. ഇപ്പോൾ പലിശയും പിഴപ്പലിശയും അടക്കം 11 ലക്ഷം രൂപയാണ് ബാധ്യതയായുള്ളത്. രോഗബാധിതയായതോടെ വരുമാനം മരുന്നിനു തന്നെ തികയാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയത്. പിന്നീട് ബാങ്കിൽ നിന്ന് തുടരെത്തുടരെ നോട്ടീസുകൾ വരാൻ തുടങ്ങി. വൈത്തിരി കനറാ ബാങ്കിൽ നിന്ന് മാനേജർ ഉൾപ്പെടെ വീട്ടിലെത്തി തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്കു മുമ്പ് നോട്ടീസ് നൽകുകയും ചെയ്തു. തൻ്റെ നിസ്സഹായവസ്ഥ ബാങ്കിനെ ബോധിപ്പിച്ചെങ്കിലും ബാങ്ക് സർഫാസി നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് പാത്തുമ്മക്കുട്ടി പറഞ്ഞു. എന്നാൽ, ജപ്തി നടപടികൾ തടയാനാണ് കർഷക സംഘടനകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."