HOME
DETAILS
MAL
നിയമസഭയില്‍ യു.ഡി.എഫിന്റെ ബ്രഹ്മാസ്ത്രം
backup
May 23 2021 | 04:05 AM
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ ഏറ്റവും ബൗദ്ധികവ്യായാമം വേണ്ടിവന്ന പ്രസംഗങ്ങള്‍ ആരുടേതായിരുന്നു എന്നു ചോദിച്ചാല്‍ സഭയില്‍ അംഗങ്ങളായിരുന്നവര്‍ക്ക് ഒരേ ഉത്തരമായിരിക്കും നല്‍കാനുണ്ടാവുക. ഭരണപക്ഷത്തുനിന്ന് തോമസ് ഐസക്കിന്റേതും പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശന്റേതും.
കിഫ്ബിയും മസാല ബോണ്ടും ജി.എസ്.ടിയുമൊക്കെ സഭയുടെ അകത്തളത്തെ പ്രക്ഷുബ്ധമാക്കുന്ന നിമിഷങ്ങളില്‍ തോമസ് ഐസക്കും വി.ഡി സതീശനും തമ്മില്‍ വാക്‌പോര് ഉണ്ടാവുക പതിവാണ്. സാധാരണ ഭരണ, പ്രതിപക്ഷ തര്‍ക്കങ്ങള്‍ ചിരിപടര്‍ത്തുകയാണ് പതിവെങ്കില്‍ഇരുവരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പലര്‍ക്കും തലവേദനയാകും.
കിഫ്ബിയുടെയും മറ്റും കടിച്ചാല്‍പൊട്ടാത്ത സാങ്കേതിക വിഷയങ്ങളില്‍ രണ്ടുപേരും ഏറ്റുമുട്ടുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് കാര്യമായിട്ടൊന്നും മനസിലാകാറില്ലെന്ന സത്യം ചില യുവ എം.എല്‍.എമാര്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. അതിസങ്കീര്‍ണ വിഷയങ്ങളില്‍ നിയമസഭയില്‍ യു.ഡി.എഫിന്റെ ബ്രഹ്മാസ്ത്രമാണ് സതീശന്‍.വിഷയങ്ങള്‍ കൃത്യമായി പഠിച്ച് അവതരിപ്പിക്കുകയെന്ന സതീശന്‍ശൈലി നിയമസഭയില്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആശയത്തിലെ തെളിമയും മൂര്‍ച്ചയുള്ള വാക്കുകളുമാണ് പ്രതിപക്ഷ നിരയില്‍ സതീശനെ വേറിട്ടു നിര്‍ത്തുന്നത്. കഴിഞ്ഞ സഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഭരണപക്ഷത്തെ പ്രമുഖരൊക്കെ സതീശന്റെ വാക്കുകളുടെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിലും സാമുദായിക വിഷയങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു വ്യത്യസ്തനിലപാടുകള്‍ സ്വീകരിച്ചത് പൊതുസ്വീകാര്യത ലഭിക്കാനിടയാക്കി. സഭാനേതൃത്വം പാര്‍ട്ടി വിഷയങ്ങളില്‍ ഇടപെടേണ്ടെന്ന ഉറച്ച നിലപാട് പൊതുവേദിയില്‍ പറയാനുള്ള ആര്‍ജവവും അദ്ദേഹം കാണിച്ചു.
പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങളില്‍ മതേതര നിലപാട് ആവര്‍ത്തിച്ചുപറഞ്ഞ് വര്‍ഗീയതയ്‌ക്കെതിരേ സന്ധിയില്ലെന്ന പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താന്‍ വി.ഡി സതീശനു കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന്റെ യുവനേതാക്കളും പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."