എം.എം ലോറന്‍സ് ആശുപത്രിക്കിടക്കയില്‍; പരിചരിക്കാന്‍ പാര്‍ട്ടി വിലക്കെന്ന് മകള്‍
കൊച്ചി: മുന്‍ എം. പിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം ലോറന്‍സിനെ പരിചരിക്കാന്‍ പാര്‍ട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശാ ലോറന്‍സ്.
92കാരനായ എം.എം ലോറന്‍സ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. പിതാവിനെ പരിചരിക്കുന്നതിനായി കഴിഞ്ഞദിവസം താന്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തെ ആശുപത്രിയിലെത്തിയെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ തന്നോട് തട്ടിക്കയറുകയായിരുന്നുവെന്നും ആശാ ലോറന്‍സ് പറഞ്ഞു.
എം.എം ലോറന്‍സിനെ പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പാര്‍ട്ടി നേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പാര്‍ട്ടി നേതാക്കളോ ലോറന്‍സിന്റെ മറ്റ് മക്കളോ സഹായത്തിനില്ലാതെ അദ്ദേഹം ആശുപത്രിയില്‍ പ്രയാസം അനുഭവിക്കുകയാണെന്നും ആശ പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആശാ ലോറന്‍സ് കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ കുറിപ്പ് ഇട്ടതോടെയാണ് മുതിര്‍ന്ന സി.പി.എം നേതാവിന്റെ അവസ്ഥ ചര്‍ച്ചയായത്.ബന്ധുക്കളുടെ വീടുകളിലേക്ക് അയക്കാതെ പിതാവിന് ആവശ്യമായ താമസ-ചികിത്സാ സൗകര്യങ്ങള്‍ പാര്‍ട്ടി ഒരുക്കണമെന്നും ആശ ആവശ്യപ്പെട്ടു. ഇതേ ആഗ്രഹം പിതാവ് പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചതായും അവര്‍ പറഞ്ഞു. അതിനിടെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടതിനുശേഷം തനിക്കുനേരെ സൈബര്‍ പോരാളികളില്‍ നിന്ന് അസഭ്യവര്‍ഷവും ഭീഷണിയും ഉയരുന്നുണ്ടെന്നും ആശ 'സുപ്രഭാത'ത്തോട് പറഞ്ഞു. വീണ്ടും ഭരണത്തിലേറിയ മുഖ്യമന്ത്രി ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്കുനേരെ ഉയരുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആശ പറയുന്നു; ഇത് വേദനിപ്പിക്കുന്നത്
'പിതാവിന്റെ അവസ്ഥ ചില പാര്‍ട്ടിക്കാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഞാനും മകന്‍ മിലനും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പാര്‍ട്ടി നേതാവ് എം.വി ജയരാജനെ വിവരം അറിയിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ അറിയിക്കാമെന്ന് ജയരാജന്‍ പറഞ്ഞു. തുടര്‍ന്ന് സി.എന്‍ മോഹനനെ പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെയാണ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ വിളിച്ചത്. എന്റെ കാര്യമല്ല, പാര്‍ട്ടി സഖാവിന്റെ കാര്യമാണ് പറയുന്നത്. അന്വേഷിച്ചില്ലെങ്കില്‍ ഞാന്‍ എല്ലാവരെയും ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് മന്ത്രി കെ.രാധാകൃഷ്ണനേയും ഫോണില്‍ വിളിച്ചു.
വിജയരാഘവനുമായി സംസാരിക്കുമ്പോള്‍ താന്‍ അടുത്തുണ്ടായിരുന്നുവെന്നും പാര്‍ട്ടി നേതാക്കളോട് ആശുപത്രിയിലെത്താന്‍ എറണാകുളത്ത് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു രാധാകൃഷ്ണന്റെ മറുപടി. എന്നാല്‍ പിറ്റേദിവസം ഉച്ചയ്ക്ക് 12മണിയോടെയാണ് സി.എന്‍ മോഹനന്‍ ആശുപത്രിയിലെത്തിയത്. അപ്പനെ താന്‍ നോക്കിക്കൊള്ളാമെന്ന് സി.എന്‍ മോഹനനോട് പറഞ്ഞപ്പോള്‍ ലോറന്‍സിനെ നോക്കാന്‍ ആണ്‍മക്കളുണ്ട്, അല്ലെങ്കില്‍ പാര്‍ട്ടിയുണ്ട് എന്നായിരുന്നു മറുപടി. റൂമില്‍ നിന്ന് പുറത്തിറങ്ങിയതിനുശേഷവും സി.എന്‍ മോഹനന്‍ കൈചൂണ്ടി ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുകയും വേറൊരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നുപറഞ്ഞ് അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു'. ആശാ ലോറന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."