18 പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം; ഒറ്റ അംഗം മാത്രമായി 10 പാര്‍ട്ടികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത 53 അംഗങ്ങള്‍ പുതുമുഖങ്ങള്‍. ആകെ അംഗങ്ങളുടെ 37 ശതമാനമാണ് പുതുമുഖങ്ങള്‍.
ഇരു പക്ഷത്തുമായി ഇത്തവണ 18 പാര്‍ട്ടികള്‍ക്ക് സഭയില്‍ പ്രാതിനിധ്യമുണ്ട്. ഇതില്‍ 12 പാര്‍ട്ടികള്‍ എല്‍.ഡി.എഫിലാണ്. ഒറ്റ അംഗം മാത്രമുള്ള 10 പാര്‍ട്ടികളാണ് ഇത്തവണ സഭയിലുള്ളത്. ഇതില്‍ ഏഴെണ്ണം ഭരണപക്ഷത്താണ്.കഴിഞ്ഞ സഭയിലുണ്ടായിരുന്ന 75 അംഗങ്ങള്‍ ഇത്തവണയും സഭയിലുണ്ട്. 2016നു മുമ്പ് അംഗങ്ങളായിരുന്ന 12 പേര്‍ വീണ്ടും സഭയിലെത്തി. മുമ്പ് സ്പീക്കറായിരുന്ന ഒരാള്‍ ഇത്തവണ മന്ത്രിയായി എത്തുന്ന പ്രത്യേകതയുമുണ്ട് ഈ സഭയില്‍. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് മുന്‍ സ്പീക്കര്‍. മുമ്പ് ലോക്‌സഭാംഗങ്ങളായിരുന്ന അഞ്ചുപേര്‍ ഇത്തവണ നിയമസഭയിലുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.ബി രാജേഷ്, പി.ടി തോമസ്, രമേശ് ചെന്നിത്തല എന്നിവര്‍. മുമ്പ് രാജ്യസഭാംഗങ്ങളായിരുന്ന രണ്ടുപേരുമുണ്ട് ഇത്തവണ. പി. രാജീവും കെ.എന്‍ ബാലഗോപാലും. ഇരുവരും മന്ത്രിമാരാണ്.
മുന്‍ പ്രതിപക്ഷനേതാക്കളായ രണ്ടുപേര്‍ ഇത്തവണ സഭയിലെത്തി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. തുടര്‍ച്ചയായി 12ാം തവണയാണ് ഉമ്മന്‍ചാണ്ടി സഭയിലെത്തുന്നത്. തൊടുപുഴയില്‍ നിന്ന് പി.ജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. എട്ടാം തവണ എം.എല്‍.എയാകുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണയാകുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഭയിലുണ്ട്.ആര്‍. ബിന്ദു, തോട്ടത്തില്‍ രവീന്ദ്രന്‍, വി.കെ പ്രശാന്ത്, വി. ശിവന്‍കുട്ടി തുടങ്ങിയ നാലു മുന്‍ മേയര്‍മാര്‍ ഇത്തവണ സഭയിലുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ മന്ത്രിപദമില്ലാതെ സഭയിലുള്ളത്. കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം.എം മണി, എ.സി മൊയ്തീന്‍, കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ് എന്നിവര്‍. ഇത്തവണ സഭയില്‍ 11 വനിതകളാണുള്ളത്. അതില്‍ 10 പേരും ഇടതുപക്ഷത്തു നിന്നാണ്. മൂന്നു വനിതകള്‍ മന്ത്രിമാരാണ്. ഏഴു വനിതകള്‍ പുതുമുഖങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."