തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയെ കാണാതായെന്ന് കുടുംബം; മുങ്ങിയതെന്ന് സംശയം
ന്യൂഡല്‍ഹി: 13,500 കോടിയുടെ പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സിയെ കാണാതായെന്ന് കുടുംബം. ആന്റ്വിഗയില്‍ അഭയാര്‍ഥിയായി കഴിയുന്ന മെഹുല്‍ ചോക്‌സിയെ ആന്റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ആന്റ്വിഗ പൊലിസ് അന്വേഷണം ആരംഭിച്ചതായി മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ഞായറാഴ്ച (മെയ് 23) വൈകുന്നേരം 5.15 ന് വൈകിട്ട് കാറില്‍ പോകുമ്പോഴാണ് മെഹുല്‍ ചോക്സിയെ അവസാനമായി കണ്ടത്. റെസ്റ്റോറന്റില്‍ അത്താഴം കഴിക്കാന്‍ പോയ ചോക്‌സി തിരികെ എത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. അദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
മെഹുല്‍ ചോക്‌സിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലിസിനെ അറിയിക്കണമെന്നും ആന്റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പ്രതികരിച്ചു.
അതേസമയം, മെഹുല്‍ ചോക്‌സി ക്യൂബയിലേക്ക് കടന്നിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പൗരത്വം റദ്ദാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ചോക്‌സി ആന്റ്വിഗ വിട്ടുപോയതാകാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പ തിരിച്ചടക്കാതെ മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും രാജ്യം വിടുകയായിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യു.എസിലേക്ക് പോയത്. പിന്നീട് യു.എസില്‍ നിന്ന് ആന്റ്വിഗയിലേക്ക് കടന്ന് ആന്റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി. നീരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്.
എന്നാല്‍ മോദി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിട്ടതെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."