തന്‍സി ബഷീറിന്റെ ഓര്‍മദിനം; മൗന സ്മരണയില്‍ കാംപസ്
കഠിനംകുളം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിങ് കാംപസില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മലപ്പുറം നിലമ്പൂര്‍ സ്വദേശിനി തന്‍സി ബഷീര്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. തന്‍സിയുടെ ഓര്‍മകള്‍ കാംപസിന്റെ അകത്തളങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും തന്‍സിയുടെ സ്മരണ ചടങ്ങുകള്‍ക്കതീതമാക്കുകയാണ് കോളജ് അധികൃതരും സഹപാഠികളും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് നടന്ന ഒണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഒരുക്കിയ കോടാലി ജീപ്പ് തന്‍സിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാംപസിന്റെ അച്ചടക്കം ലംഘിച്ച് നടത്തിയ ആഘോഷം, ക്ലാസ് കഴിഞ്ഞ് റോഡിന്റെ ഒരുവശത്തുകൂടി പോയ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ ആഘോഷങ്ങളില്ലാത്ത ലേകത്തേക്കയക്കുകയായിരുന്നു.
കാംപസിലെ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന തന്‍സിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിറ്റേന്ന് രാത്രി 12ഓടെ മരിക്കുകയായിരുന്നു. സംഭവത്തിലെ പ്രതി കണ്ണൂര്‍ സ്വദേശിയായ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ബൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഓണാഘോഷത്തിന് നേതൃത്വം കൊടുത്ത 12 വിദ്യാര്‍ഥികളെ ശിക്ഷാനടപടിക്ക് വിധേയരാക്കി കോളജില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിലെ കലാലയങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുമ്പോള്‍ ചിലനിബന്ധനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇന്ന് ഈ നിബന്ധനകള്‍ ഒരു കോളജുകളിലും പാലിക്കപ്പെടുന്നില്ല. തന്‍സിയുടെ ഒന്നാം വര്‍ഷ അനുസ്മരണം യാതൊരുവിധ ഓര്‍മപ്പെടുത്തലുകളും ചടങ്ങുകളും നടത്താതെ മൗനസ്മരണയാകുമെന്ന് കോളജ് അധികൃതരും സഹപാഠികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."