പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല, അഡ്മിനിസ്‌ട്രേറ്ററെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചു
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബി.ജെ.പി ഘടകം അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാചോലന വേണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം കത്തയച്ചിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുമായി അഡ്മിനിസ്‌ട്രേറ്റര്‍ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. കര്‍ഷകര്‍ക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങള്‍ നിര്‍ത്തി. വിവിധ പദ്ധതികള്‍ നിര്‍ത്തലാക്കി. 500 താല്‍ക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു. 15 സ്‌കൂളുകള്‍ അടച്ചു പൂട്ടി. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം കത്തില്‍ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ലക്ഷദ്വീപിലെ പ്രതിഷേധത്തിനതിരെ സംസാരിക്കുകയും അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ദ്വീപ് ഘടകം പ്രതിഷേധവുമായി രംഗത്തെത്തിയത്. ലക്ഷദ്വീപിനെ ലോകോത്തര സഞ്ചാരകേന്ദ്രമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം തുരങ്കംവയ്ക്കുകയാണ് പ്രതിഷേധക്കാരെന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."