മാലിയില്‍ വീണ്ടും പട്ടാള അട്ടിമറി
ബമാകോ(മാലി): ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും പട്ടാള അട്ടിമറി. ഇടക്കാല പ്രസിഡന്റ് ബാഹ് എന്‍ദാ, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധമന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെ സൈന്യം തടവിലാക്കിയതായി ആഫ്രിക്കന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും അറിയിച്ചു. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ അറസ്റ്റ് ചെയ്തശേഷം കാറ്റിയിലെ സൈനിക താവളത്തില്‍ തടവിലിട്ടിരിക്കുകയാണ്. പുതിയ സര്‍ക്കാരില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്തതായി ഇടക്കാല വൈസ് പ്രസിഡന്റ് കേണല്‍ അസീമി ഗോയ്ത അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയപ്രകാരം അടുത്ത വര്‍ഷം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 18 മാസത്തിനകം ജനാധിപത്യ സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് സൈന്യം നേരത്തെ അറിയിച്ചിരുന്നത്.
തിങ്കളാഴ്ച ഇടക്കാല സര്‍ക്കാര്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ 2020ലെ പട്ടാള അട്ടിമറിക്കു നേതൃത്വം നല്‍കിയ സൈനിക മേധാവികള്‍ക്ക് സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് സൈന്യത്തിന്റെ ഇടപെടല്‍. 10 വര്‍ഷത്തിനിടെ മാലിയില്‍ ഇത് മൂന്നാംതവണയാണ് പട്ടാള അട്ടിമറി നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇതിനു മുന്‍പ് സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്ത രാജിവച്ചിരുന്നു. സെപ്റ്റംബറില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാഹ് എന്‍ദായെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. തടവിലിട്ട പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഉടന്‍ വിട്ടയക്കണമെന്ന് യു.എന്നും ആഫ്രിക്കന്‍ യൂനിയനും ആവശ്യപ്പെട്ടു. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയും പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസും ഇതേ ആവശ്യമുന്നയിച്ചു. അട്ടിമറിയെ യൂറോപ്യന്‍ യൂനിയന്‍ അപലപിച്ചു. സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്റ് കെയ്തയെ തടവിലിടുകയും ചെയ്തിരുന്നു. പിന്നീട് ഉപരോധഭീഷണിയെ തുടര്‍ന്നാണ് സൈന്യം ഇടക്കാല സര്‍ക്കാരിന് ഭരണം കൈമാറിയത്. അട്ടിമറിക്ക് നേതൃത്വം നല്‍കിയ അസീമി ഗോയ്തയെ ഇടക്കാല ഭരണാധികാരിയും വൈസ് പ്രസിഡന്റുമായി നിയമിച്ചിരുന്നു. അട്ടിമറിയില്‍ പങ്കെടുത്ത സാദിയോ കമാറ, കേണല്‍ മൊഡിബോ കോനെ എന്നിവര്‍ക്ക് പ്രതിരോധ-സുരക്ഷാ ചുമതലകളും നല്‍കിയിരുന്നു. 2012ലും രാജ്യത്ത് സൈനിക അട്ടിമറി നടന്നിരുന്നു. 2020ലെ അട്ടിമറിക്കു ശേഷം പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവരെ രാജിവയ്ക്കാന്‍ സൈന്യം നിര്‍ബന്ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."