ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 'റമദാന്‍ നൈറ്റ്‌സ് 2023'ന് ബുധനാഴ്ച തുടക്കം
ഷാര്‍ജ: ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന
'റമദാന്‍ നൈറ്റ്‌സ് 2023' ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഏപ്രില്‍ 21 വരെ നടക്കുന്ന റമദാന്‍ ഫെസ്റ്റിവലിന്റെ 33ാം പതിപ്പാണ് ഇത്തവണത്തേത്. 17 ദിവസം നീളുന്ന പരിപാടിയില്‍ 150,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വ്യത്യസ്ത ഇവന്റുകള്‍, സായാഹ്നങ്ങള്‍, ഷോപ്പിംഗ് സര്‍പ്രൈസുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ 75 ശതമാനം വരെ കിഴിവുകളോടെ ഷോപര്‍മാര്‍ക്ക് ഏകദേശം 500 ബ്രാന്‍ഡുകളില്‍ നിന്നും പ്രമുഖ റീടെയിലര്‍മാരെ പ്രതിനിധീകരിക്കുന്ന 150ലധികം പ്രദര്‍ശകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാം.
എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ സാംസ്‌കാരിക പരിപാടികള്‍, കലാ പ്രകടനങ്ങള്‍, വിനോദ പ്രോഗ്രാമുകള്‍ അരങ്ങേറും.
വിശുദ്ധ മാസത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന ഇമാറാത്തി, ഇസ്‌ലാമിക ആചാരങ്ങളും പാരമ്പര്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നതാണ്.
സന്ദര്‍ശകര്‍ക്ക് സാംസ്‌കാരികപൈതൃക പരിപാടികള്‍, നാടന്‍ കലാപ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ പ്രതീക്ഷിക്കാം. കൂടാതെ, പൈതൃക ഗ്രാമം, റമദാന്‍ പാനീയങ്ങള്‍, വിഭവങ്ങള്‍, പ്രശസ്തമായ ഇമാറാത്തി പാചക രീതികള്‍ എന്നിവയിലും സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം. എക്‌സിബിറ്റര്‍മാര്‍ നല്‍കുന്ന മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം മനോഹരമായ റമദാന്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള മികച്ച അവസരമാണ് എക്‌സിബിഷന്‍ പ്രദാനം ചെയ്യുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഐഫോണ്‍ 14 പ്രോ മാക്‌സ് ഉള്‍പ്പെടെയുള്ള വിലപ്പെട്ട സമ്മാനങ്ങള്‍ക്കായുള്ള നറുക്കെടുപ്പുകളിലും സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം. ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലൂടെ വൗച്ചറുകളും നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരത്തിനൊപ്പം, പങ്കെടുക്കുന്ന ഏതെങ്കിലും ബ്രാന്‍ഡിന് 200 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് സ്വയം നറുക്കെടുപ്പില്‍ പ്രവേശിക്കാനുമാകും.
16,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 10,000ത്തിലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനമാണ് റമദാന്‍ നൈറ്റ്‌സ് 2023. വിശുദ്ധ റമദാനിലും ഈദ് അല്‍ ഫിത്വറിലും സന്ദര്‍ശകര്‍ക്ക് ഇവിടെ എത്താം. റമദാനില്‍ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 1 വരെയും, ഈദുല്‍ ഫിത്വറിന് വൈകുന്നേരം 3 മുതല്‍ അര്‍ധരാത്രി വരെയും പ്രദര്‍ശനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."