ഡോക്ടർമാരുടെ വിരമിക്കൽ പ്രായത്തിൽ വിവേചനം കെ.എ.ടി ഉത്തരവ് നടപ്പാക്കാതെ സർക്കാർ
പ്രത്യേക ലേഖകൻ
പാലക്കാട്
ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 56ൽനിന്ന് 60 ആക്കി കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ ( കെ.എ.ടി) ഉത്തരവിട്ടിട്ടും വിധി കാറ്റിൽപറത്തി സർക്കാർ. അതിനാൽ 31ന് സർവിസ് അവസാനിക്കുന്ന 21 ഡോക്ടർമാർക്ക് അവസരം നഷ്ടമാകും. ആരോഗ്യവകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടർമാരുടെ വിരമിക്കൽപ്രായം 60 ആക്കി വർധിപ്പിച്ചത് തങ്ങൾക്കും ബാധകമാക്കണമെന്ന സർക്കാർ ഹോമിയോ ഡോക്ടർമാരുടെ ഹരജിയിലായിരുന്നു ട്രിബ്യൂണലിന്റെ വിധി. 2021 ഓഗസ്റ്റ് മൂന്നു മുതൽ മുൻകാല പ്രാബല്യവുമുണ്ട്.
ഈ തീയതിക്കു ശേഷം വിരമിച്ച ഡോക്ടർമാരെ ഒരുമാസത്തിനകം തിരിച്ചെടുക്കണം. വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയാണെങ്കിൽ വർധിപ്പിച്ച പെൻഷൻ കാലയളവ് കൂടി കണക്കിലെടുത്ത് ഗ്രാറ്റിവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നാലുമാസത്തിനകം നൽകണമെന്നും ഉത്തരവിലുണ്ട്. കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ, എൻ.അമ്പിളി, കെ.ടി ബാബു, ബീന സക്കറിയാസ് എന്നിവരാണ് കെ.എ.ടിയിൽ ഹരജി നൽകിയത്. സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ കേന്ദ്രസേനകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പെൻഷൻ പ്രായം കഴിഞ്ഞ ജൂലൈയിൽ 65 ആയി ഉയർത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."