പ്രധാനമന്ത്രിക്ക് കായിക താരത്തിന്റെ ആത്മഹത്യാ കുറിപ്പ്
പാട്യാല: പഞ്ചാബില്‍ ഹാന്‍ഡ്‌ബോള്‍ താരം ആത്മഹത്യ ചെയ്തു. കോളജില്‍ സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലിസ് പറഞ്ഞു. ഇന്നലെയാണ് 20 കാരിയായ പൂജ ആത്മഹത്യ ചെയ്തത്.
തന്റെ ആത്മഹത്യയ്ക്ക് കാരണം വ്യക്തമാക്കികൊണ്ട് പൂജ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലിസ് കണ്ടെടുത്തു. തനിക്ക് ഹോസ്റ്റലില്‍ സൗജന്യ താമസം നിഷേധിച്ചെന്നും ഹോസ്്റ്റല്‍ ഫീസും യാത്രാചെലവും തനിക്ക് താങ്ങാവുന്നതിലപ്പുറമാണെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോളജില്‍ ചേരുമ്പോള്‍ സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആ സൗജന്യം നിഷേധിക്കപ്പെട്ടു. വീട്ടില്‍ നിന്നും കോളജിലേക്കുള്ള യാത്രാചെലവ് ദിവസം 120 രൂപയോളം വരും. അത് നല്‍കാന്‍ പച്ചക്കറി വില്‍പ്പനക്കാരനായ പൂജയുടെ പിതാവിന് കഴിയില്ല. ഇതോടെ പൂജയുടെ പഠിത്തം പല ദിവസവും മുടങ്ങിയിരുന്നു.
പൂജയ്ക്ക് സൗജന്യ പഠനമാണ് ഉറപ്പുനല്‍കിയിരുന്നത് എന്നാല്‍ ഈ വര്‍ഷം അവരുടെ മോശം പ്രകടനം കാരണം സൗജന്യ ഹോസ്റ്റല്‍ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് കോളജ് അധികൃതരുടെ പ്രതികരണം.
പ്രധാനമന്ത്രിക്കെഴുതിയ കത്ത് പൂജയുടെ മാതാപിതാക്കള്‍ പൊലിസിനു കൈമാറി. കത്തില്‍ തന്റെ കോച്ചിനും മരണത്തില്‍ പങ്കുണ്ടെന്ന് പൂജ എഴുതിയിരുന്നു. ഹോസ്റ്റലില്‍ നില്‍ക്കാതെ ദിവസവും വീട്ടില്‍ പോയി വരാന്‍ അദ്ദേഹം തന്നെ നിര്‍ബന്ധിച്ചിരുന്നതായി പൂജ കത്തില്‍ പറയുന്നു. തന്നെ പോലയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും കത്തില്‍ പറയുന്നു.
പൂജയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് കോച്ചിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."