'പത്തിരി വിറ്റ പണം വാങ്ങി പൊല്ലാപ്പിലായി'; യു.പി.ഐ പണമിടപാടില്‍ നിരവധി മലയാളികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ആലപ്പുഴ: യു.പി.ഐ വഴി പണമിടപാട് നടത്തിയ സംസ്ഥാനത്തെ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പരാതി. നൂറുകണക്കിന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുജറാത്തില്‍ സൈബര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് ഫ്രീസായതെന്നാണ് ബാങ്കിന്റെ മറുപടി.
അക്കൗണ്ട് നഷ്ടമായവര്‍ പരാതിയുമായി സംസ്ഥാന സൈബര്‍ സെല്ലിനെ സമീപിച്ചെങ്കിലും കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഗുജറാത്ത് പൊലിസിന്റെ ഫോണ്‍നമ്പറും ഇമെയില്‍ ഐ.ഡിയും നല്‍കുകയായിരുന്നു. ഫോണില്‍ വിളിച്ചാല്‍ പരാതി ഇമെയിലില്‍ അയക്കാന്‍ പറയും. മെയിലില്‍ പരാതി അയച്ച പലര്‍ക്കും മറുപടിയും ലഭിക്കുന്നില്ല.
പത്തിരി വിറ്റ പണം യു.പി.ഐ ഇടപാടിലൂടെ വാങ്ങിയതിന്റെ പേരില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായില്‍ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയാണ്. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കേസുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശിനിയായ യുവതി പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിള്‍ പേ വഴി അയച്ചതാണ് പ്രശ്‌നമായത്. തന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് യാതൊരു കേസുമില്ലെന്നാണ് പണം അയച്ച യുവതി പറയുന്നത്. 300 രൂപ മൂലം വീട് നിര്‍മാണത്തിനുള്ള നാല് ലക്ഷം രൂപ പിന്‍വലിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് ഇസ്മായില്‍.
കാസർക്കോട് കോട്ടിക്കുളം സ്വദേശി അഷറഫ് അബ്ദുല്ലയുടെ അക്കൗണ്ടും ഇതു പോലെ ഫ്രീസ് ചെയ്യപ്പെട്ടു. ഒരാഴ്ച മുമ്പ് സുഹൃത്തിന്റെ യു.പി.ഐ വഴി പണമിടപാട് നടത്തിയതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. പണം വന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽ കേസുണ്ടെന്നായിരുന്നു വിശദീകരണം. എറണാകുളം മുപ്പത്തടത്ത് എഴോളം കച്ചവടക്കാരുടെ അക്കൗണ്ടും സമാനമായരീതിയിൽ ഫ്രീസായിട്ടുണ്ട്. സംസ്ഥാന വ്യാപകമായി അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരുടെയെല്ലാം കേസ് ഗുജറാത്ത് പൊലിസിന്റെ കീഴിലാണെന്നതാണ് ആശങ്കയുണർത്തുന്നത്. പരാതിക്കാരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. ഇതിനുപിന്നിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നും അക്കൗണ്ട് തിരികെ ലഭിക്കണമെന്നുമാണ് ഇടപാടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."