എല്ലാവരും സത്യസന്ധരല്ലെന്ന് മകനെ പഠിപ്പിക്കണം: ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും, എബ്രഹാം ലിങ്കണ്‍ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അധ്യാപികയ്ക്ക് അയച്ച കത്ത്..
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ തന്റെ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്.. വിദ്യാലയങ്ങള്‍ ഇന്ന് വീണ്ടും തുറന്നല്ലോ. ഈ ദിനത്തില്‍ പ്രസക്തമായതിനാല്‍ ആ കത്ത് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.
'എല്ലാവരും
നീതിമാന്മാരല്ലെന്നും
സത്യസന്ധരല്ലെന്നും
അവന് പഠിക്കേണ്ടിവരും, എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.
അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.
വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അത്ഭുതം സൃഷ്ടിക്കാനാവുമെന്ന്
അവന്റെ കാതുകളിലോതുക.
പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.
സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.
മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.
എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.
സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.
ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.
അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം വിശ്വസിക്കാനാവനെ പഠിപ്പിക്കുക,
എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.
ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്നേഹിക്കുന്നു....'
എബ്രഹാം ലിങ്കണ്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."