വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്ന കാലം വിദൂരമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പുത്തനുടുപ്പിട്ട് പുസ്തകസഞ്ചി തൂക്കി പൂമ്പാറ്റകളായി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ 2021- 22 സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ അടച്ചിരുന്ന് അധ്യയനം തുടരേണ്ടിവരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നേറാം. കോവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കേരളം മുന്നോട്ടുവച്ച വിജയകരമായ മാതൃകയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കാനും കഴിയും. അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രതിഭാ വളര്‍ച്ചയ്ക്കുതകുന്ന കലാവിഷയങ്ങളും ഉള്‍പ്പെടുത്തും. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ച നിലയില്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചടങ്ങില്‍ മന്ത്രി അക്ഷരദീപം തെളിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടന സമ്മേളനം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു. നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, കവികളായ സച്ചിദാനന്ദന്‍, ശ്രീകുമാരന്‍ തമ്പി, ഒളിംപ്യന്‍ പി.ടി ഉഷ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസയര്‍പ്പിച്ചു.
മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."