സഹാനുഭൂതി വേണം പ്രകൃതിയോട്
ഡോ. പി.പി നിഖിൽ രാജ്, ഡോ. പി.എ അസീസ്
ഇന്ന് ലോക പരിസ്ഥിതി ദിനം. 1972ൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സ്റ്റോക്ക്‌ഹോം സമ്മേളനം ലോകം അഭിമുഖീകരിക്കുന്ന വിവിധ പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ നിർദേശിക്കുകയായിരുന്നു. 1974 മുതൽ പിന്നീടിങ്ങോട്ട് ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, ഓസോൺ ശോഷണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം, സമൂഹത്തെയും പരിസ്ഥിതിയെയും പരിഗണിക്കാതെയുള്ള വികസനം തുടങ്ങി ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രതിസന്ധികൾ ഓരോ വർഷവും വാർഷിക പ്രമേയമായി ഈ ദിവസം ഉയർത്തിക്കാട്ടുകയും ചെയ്തുപോരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് എന്നത്തേയും വഴിത്തിരിവായ 1972 ലെ സ്റ്റോക്ക്‌ഹോം സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്തത് പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലിനെപ്പറ്റിയായിരുന്നു. വ്യവസായ വിപ്ലവത്തെ തുടർന്ന് മനുഷ്യൻ നടത്തിയ പ്രകൃതിധ്വംസനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യവെ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിനെ സുസ്ഥിരപ്പെടുത്തുന്നതിനും വേണ്ടി നിലനിൽക്കുന്ന അഭിപ്രായങ്ങളെയും പെരുമാറ്റങ്ങളെയും പൊളിച്ചെഴുതി എങ്ങനെ പ്രബുദ്ധരാവാമെന്ന് ലോകത്തെ ഒാർമപ്പെടുത്തുന്നതിനാണ് പരിസ്ഥിതി ദിനം വിഭാവനം ചെയ്തത്.
1972 കഴിഞ്ഞ് ദശകങ്ങൾ പിന്നിടുമ്പോൾ ലോകം ഇതുവരെ കാണാത്ത മഹാമാരിയുടെ പിടിയിൽനിന്ന് ചെറുതായി രക്ഷപ്പെട്ട അവസ്ഥയിലാണ്. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ (IPCC) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകം കാണാൻ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം പ്രവചനാതീതവും തീവ്രവുമായിരിക്കുമെന്നുള്ളതുമാണ്. ഖേദകരമെന്നു പറയട്ടെ, വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള മനുഷ്യരുടെ പ്രവർത്തനങ്ങളാണ് ആഗോളതാപന പ്രവണതയ്ക്ക് കാരണമെന്ന് ഐ.പി.സി.സി നേരത്തെയുള്ള റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രതയിലെ വർധനവ്, പ്രത്യേകിച്ച് CO2, വ്യാവസായിക വികാസത്തിന്റെ ഫലമായുണ്ടാകുന്ന ഫോസിൽ ഇന്ധന ബഹിർഗമനം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അതുപോലെ 2000ന് ശേഷമുള്ള ലോകം കണ്ട 70 % അതിതീവ്രമായ കാലാവസ്ഥാപ്രവണതകളും അതിനോടനുബന്ധിച്ച പ്രകൃതി ദുരന്തങ്ങളും മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു.എം.ഒ) 2021ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 50 വർഷമായി കാലാവസ്ഥാവ്യതിയാനത്താലുള്ള ദുരന്തങ്ങൾ പലരൂപത്തിൽ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി 115 പേരുടെ മരണത്തിനും 202 ദശലക്ഷം യു.എസ് ഡോളർ നഷ്ടവുമാണ് ഇതുമൂലം നമ്മൾ അനുഭവിക്കുന്നത്.
കേരളത്തിൽ കൊവിഡ് മഹാമാരിക്കു മുമ്പ് നിപാ, പക്ഷിപ്പനി തുടങ്ങിയവ നമ്മുടെ സാധാരണ ജനജീവിതത്തെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. അതുപോലെ 2017ന് ശേഷം മഴക്കാലം വലിയ ഭീതിയുണ്ടാക്കി, പ്രത്യേകിച്ച് പ്രകൃതിക്ഷോഭം നേരിലറിഞ്ഞവരിൽ. ഈ പറഞ്ഞവയെല്ലാം പ്രകൃതിക്കു നേരെ മനുഷ്യൻ അറിഞ്ഞോ അറിയാതയോ നടത്തിയ അക്രമങ്ങളുടെ നേരിട്ടുള്ള പരിണിത ഫലങ്ങളാണ്. എന്നാൽ പലപ്പോഴും ഇവ ഗുപ്തമാകാറാണ് പതിവ്. ഉദാഹരണത്തിന്, ആഗോളതാപനം കൊണ്ടുണ്ടാവുന്ന 'പവിഴപ്പുറ്റുകളുടെ കൂട്ടബ്ലീച്ചിങ്ങ്' ഒരിക്കലും നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കാറില്ല. അതേസമയം, അത്തരം പ്രകൃതി ദുരന്തങ്ങളുടെ അനന്തരഫലങ്ങൾ നമ്മളറിയാതെ നമ്മെ ബാധിക്കാറുണ്ട് താനും. മനുഷ്യന്റെ ചില ഇടപെടലുകൾ അങ്ങനെയാണ്.
പലപ്പോഴും വർഷങ്ങളായി നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പല പ്രവൃത്തികളും നമ്മളറിയാതെ പ്രകൃതിനാശം വരുത്തുന്നതാകാം. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രാകൃത ഗുഹാചിത്രങ്ങളും അതുപോലെ പാടിപ്പതിഞ്ഞ പഴങ്കഥകളും വരക്കുന്ന ചിത്രപ്രകാരം മനുഷ്യ പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ നമ്മുടെ പ്രപിതാക്കളും മാതാക്കളും പ്രകൃതിയെ ഭയന്നിരുന്നു. പ്രകൃതിയുടെ പല പ്രകടനങ്ങളിലും മതിമറന്നിരുന്നു, പ്രകൃതിയെ ആരാധിച്ചിരുന്നു, മനുഷ്യനും പ്രകൃതിയുമായി സമരസപ്പെട്ട ഒരു ജീവിതചര്യ അന്നുണ്ടായിരുന്നെന്നുമാണ്. പിന്നീട് പ്രകൃതിസത്യങ്ങളെ ഗ്രഹിക്കുന്ന യാത്രയിലെപ്പോഴോ ആ സത്യങ്ങളിലൂന്നിയ തന്ത്രങ്ങളും സാങ്കേതികതയും വികസിപ്പിക്കാനുള്ള ഗ്രാഹ്യം മനുഷ്യന് സഫലമായി. അതോടുകൂടി പ്രകൃതിയെ 'വിഭവങ്ങളുടെ കലവറ'യാണെന്ന വിശ്വാസത്തിലൂന്നിയ കമ്പോള സംസ്‌കാരത്തിന്റെ കടന്നുവരവുമുണ്ടായി. പിന്നീടങ്ങോട്ട് 'വളർച്ചയുടെ' നാളുകളായിരുന്നു മനുഷ്യവർഗത്തിന്. പ്രകൃതി വിഭവങ്ങളുടെ അമിതമായ വിനിയോഗം ഏറ്റവും കൂടുതൽ നടന്ന ആ നാളുകളെ 'വികസനം' എന്നു വിളിച്ചു.
ഈ പ്രപഞ്ചത്തിൽ ഇന്ന് ജീവൻ നിലനിൽക്കുന്നതായറിയപ്പെടുന്ന ഏക ഗ്രഹം ഭൂമിയാണ്. ഭൂമിയുടെ അന്തരീക്ഷം, ജലമണ്ഡലം, ജീവമണ്ഡലം, ലിത്തോസ്ഫിയർ ഇവയിലുള്ള ജൈവ, അജൈവഘടകങ്ങൾ എന്നിവയുടെ സമരസപ്പെടലിന്റെ പരിണാമമാണ് ജീവൻ. ജീവികളുടെ ആ ശൃംഖലയിലെ വെറും ഒരു ഭാഗമാണ് മനുഷ്യൻ. ഉറുമ്പിനേയോ ചെറിയ വൈറസിനെപ്പോലയോയുള്ള സ്ഥാനം. ഈ ഒരറിവിലൂന്നിയ വിശ്വാസമാവണം നമ്മുടെ ജീവിതത്തിനാധാരം. വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ രചനകളിൽ പ്രതിപാദിച്ച പോലെ മനുഷ്യൻ മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ! പ്രകൃതി ദിനത്തിൽ നമ്മൾ അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷകരോ മറ്റുള്ള ദിനങ്ങളിൽ പ്രകൃതിനാശകരോ ആകേണ്ടതില്ല. മറിച്ച് ദൈനംദിന ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ എത്രമാത്രം പ്രകൃതി നശീകരണത്തിൽ ഏർപ്പെടുന്നു എന്നുള്ളത് ഓരോരുത്തരും ചിന്തിക്കേണ്ടതായുണ്ട്. ആ ചിന്തകളാണ് പ്രകൃതിക്കനുകൂലമായ ബദലുകൾ കണ്ടെത്താൻ നമ്മെ സഹായിക്കുന്നത്.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രതിസന്ധികൾക്ക് ആധുനിക സാങ്കേതിക വിപ്ലവം കൊണ്ടൊരു പരിഹാരം കണ്ടെത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിന് ഇനി ആയുസ്സില്ല. അതുപോലെ ഒരു മഹാശക്തി രാജ്യമോ മഹാശക്തനായ ഭരണാധികാരിയോ ഈ പാരിസ്ഥിതിക പ്രശ്‌നത്തിൽ നിന്ന് രക്ഷിക്കാനെത്തുമെന്നുള്ള വ്യാമോഹത്തിനും നമ്മുടെ ജീവിതത്തിൽ ഇനി ഇടമില്ല. ഈ പരിസ്ഥിതി ദിനത്തിലെങ്കിലും നമ്മുടെ ഭാഗധേയം നമ്മൾ തന്നെയാണ് നിർണയിക്കുന്നത് എന്നറിവാണ് വളർത്തേണ്ടത്. അതായത് ഇന്നത്തെ എന്റെ ഒരു പ്രവൃത്തിയാൽ എത്ര കാർബൺ ഡൈയോക്‌സൈഡ് പുറന്തള്ളപ്പെടും, എത്ര ജലം പാഴാക്കിക്കളയും, എത്ര സ്ഥലം ഞാൻ മലിനമാക്കും, എത്ര ജീവികളുടെ ആവാസവ്യവസ്ഥിതി അതിനാൽ ഭീഷണിയിലാക്കും എന്നുള്ള പ്രകൃതിയോട് സഹാനുഭൂതിയുള്ള സ്വഭാവം വളർത്താൻ എല്ലാവരും ശ്രമിക്കേണ്ടതായുണ്ട്. അതായത് പ്രകൃതി ഇല്ലാതെ മനുഷ്യനില്ലെന്നുള്ള അറിവിലൂന്നിയ ഒരു ജീവിതം.
ഈ പരിസ്ഥിതിദിനത്തിലും ധാരാളം വൃക്ഷത്തൈകൾ നടപ്പെടും, ഹ്രസ്വവും ദീർഘവുമായ പ്രസംഗങ്ങളിൽ പ്രകൃതി-പരിസ്ഥിതി പ്രതിപാദിക്കപ്പെടും ധാരാളം ചിത്രങ്ങളെക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പേജുകൾ നിറയപ്പെടും. പക്ഷേ മനസ്സിലാക്കേണ്ടത്, ഇതൊരു തുടക്കമാണെന്നും ഇനിയുള്ള നാളുകളിൽ എത്രത്തോളം നമുക്ക് പ്രകൃതിയോട് യോജിച്ച് ജീവിക്കാമെന്നുമാവണം.
(പരിസ്ഥിതിശാസ്ത്രം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ലേഖകന്മാർ. ഡോ. പി.പി നിഖിൽ രാജ് നിലവിൽ അമൃത വിശ്വ വിദ്യാപീഠം കോയമ്പത്തൂരിലെ സെന്റർ ഫോർ സസ്‌റ്റൈനബിൾ ഫ്യൂച്ചറിലെ ഫാക്കൽറ്റി അംഗമാണ്, ഡോ. പി.എ അസീസ് കോയമ്പത്തൂരിലെ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി (സാക്കോൺ) മുൻ
ഡയരക്ടറാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."