പട്ടേല്‍ എത്തിയതോടെ ആശുപത്രി നിര്‍മ്മാണം നിലച്ചു; അഡ്മിനിസ്‌ട്രേറ്റര്‍ ബംഗ്ലാവ് നവീകരണം വേഗത്തിലായി
കവരത്തി: ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയുടെ വികസനത്തെക്കുറിച്ച് വാചാലരാകുന്ന ഭരണകൂടത്തിന് മുന്നില്‍ ചോദ്യം ചിഹ്നമായി തലസ്ഥാനമായ കവരത്തിയിലെ ഏക ആശുപത്രിയായ ഇന്ദിരാഗാന്ധി ആശുപത്രി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ കോഡ പട്ടേല്‍ അധികാരത്തിലെത്തിയതോടെ ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പുതിയതായി നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം പട്ടേല്‍ വന്ന ഉടന്‍ തന്നെ നിര്‍ത്തിവെപ്പിച്ചു. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല. പട്ടേലിനൊപ്പം ദാമന്‍ ദ്യൂ വില്‍ നിന്ന് എത്തിയ ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചത്. എന്ത് കാരണങ്ങളാലാണ് നിര്‍ത്തിവെപ്പിച്ചതെന്നതില്‍ ദ്വീപിലെ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല.
ദിനേശ്വര്‍ ശര്‍മ്മ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമാണ് ആശുപത്രി വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചത്. നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20 കോടി രൂപയാണ് നീക്കിവെച്ചത്. 2020 ജനുവരിയില്‍ രാഷ്ട്രപതി രാം നാഥ് ഗോവിന്ദിന്റെ ദ്വീപ് സന്ദര്‍ശനത്തിലാണ് ആശുപത്രി നവീകരണത്തിന്റെ ശിലാസ്ഥാപനം നടന്നത്. ദിനേശ്വര്‍ ശര്‍മ്മയുടെ കാലയളവില്‍ പുരോഗതിയിലായിരുന്ന കെട്ടിട നിര്‍മ്മാണം പട്ടേല്‍ എത്തിയതോടെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിലും അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്‌ളാവിന്റെ നവീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബംഗ്ലാവ് പട്ടേലിനൊപ്പം എത്തിയ എഞ്ചിനിയര്‍മാരുടെ നിര്‍ദേശപ്രകാരം പൊളിച്ചു പണിയുകയാണ്. കോടികള്‍ മുടക്കിയാണ് നവീകരണം.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന കവരത്തിയില്‍ ഏക ആശ്രയമായ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ആകെയുള്ളത് വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 50 കിടക്കകള്‍ മാത്രമാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും പത്തോളം ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുന്നത്. കാര്‍ഡിയോളജി , ന്യൂറോളജി ഡോക്ടര്‍മാരുടെ സേവനം ദ്വീപില്‍ ലഭ്യമല്ലാത്തതിനാല്‍ വന്‍കരയിലേക്ക് എത്തിക്കുക മാത്രമാണ് മാര്‍ഗം. ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ 30 കിടക്കകളുള്ള കൊ വിഡ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 920 കൊ വിഡ് ബാധിതരില്‍ 206 പേര്‍ സി.എഫ്. എല്‍. റ്റി. സി യില്‍ ചികിത്സയിലുണ്ട്. 300 പേര്‍ക്കാണ് ഇവിടെ സൗകര്യം. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിന് കലക്ടര്‍ അസ്ഗര്‍ അലിയുടെ വിവാദ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് തുടക്കം കുറിച്ചത്. ദ്വീപില്‍ ഇതുവരെ 8166 പേര്‍ കൊ വിഡ് ബാധിതരാകുകയും 33 പേര്‍ മരണപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."