തോൽവി അന്വേഷിക്കാൻ സി.പി.എം; വിജയം പഠിക്കാൻ കോൺഗ്രസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻ
കൊച്ചി
തൃക്കാക്കരയിലെ കനത്ത തോൽവിയിൽ രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകൾ പരിശോധിക്കാൻ സി.പി.എം അന്വേഷണ കമ്മിഷനെ നിയമിക്കും. ഇതുവരെ തോൽവി പഠിക്കാൻ മാത്രം മെനക്കെട്ടിരുന്ന കോൺഗ്രസ് ഇത്തവണ തൃക്കാക്കരയുടെ വിജയം പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്.ജില്ലാ ഘടകം തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സംസ്ഥാന നേതൃത്വത്തിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യത്തിൽ തൃക്കാക്കരയിൽ ഏതെല്ലാം ഘടകങ്ങളിലാണ് വീഴ്ചയുണ്ടായതെന്നും സി.പി.എം വിശദമായി പരിശോധിക്കും. 2021 ൽ തൃക്കാക്കരയിലെ തോൽവിയുടെ കാരണം പരിശോധിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ കൊച്ചിൻ കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ സി.കെ മണിശങ്കറെയും ജില്ലാ നേതാവ് ടി.ഡി വിൻസന്റിനെയും സസ്‌പെന്റ് ചെയ്തിരുന്നു. ഇത്തവണ പാർട്ടിയും മുന്നണിയും അഭിമാന പോരാട്ടമായി കണ്ട തൃക്കാക്കരയിലെ വീഴ്ച സി.പി.എം ഗൗരവത്തോടെയാണ് കാണുന്നത്.
തോൽവിയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും രണ്ട് തട്ടിലായതോടെ പ്രാഥമിക വിലയിരുത്തലിനായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ബൂത്തുതല കണക്കുകൾ മാത്രം പരിശോധിച്ച് വിശദമായ ചർച്ച പിന്നിട് നടത്താൻ തീരുമാനിച്ചു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനായിരിക്കും തോൽവി പരിശോധിക്കുക.
ഇതിനിടയിൽ തൃക്കാക്കര മോഡലായി കണ്ടുകൊണ്ടു കർമപദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി കോൺഗ്രസ് തൃക്കാക്കരയിലെ വിജയം പഠിക്കും. സ്ഥാനാർഥി നിർണയം മുതൽ പ്രചാരണരംഗത്ത് സ്വീകരിച്ച സമീപനങ്ങളും തന്ത്രങ്ങളും ഉൾപ്പെടെ വിശകലനം ചെയ്യാനാണ് കോൺഗ്രസ് നീക്കം. ഇതിനായി സമിതിയെ നിയോഗിക്കും. കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജൂൺ 14 മുതൽ തിരുവനന്തപുരത്ത് ചേരുന്ന കെ.പി.സി.സി യുടെ ദ്വിദിന നവസങ്കൽപ് യോഗത്തിലും തൃക്കാക്കര വിശകലനവിധേയമാകും. എ.ഐ.സി.സിയുടെ ഉദയ്പൂരിലെ ചിന്തൻ ശിബിരത്തിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാന തലത്തിൽ പ്രത്യേക സമ്മേളനം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."