കനത്ത തോൽവി ബി.ജെ.പിയിലെ വിഭാഗീയത തിരിച്ചടിച്ചു; എൻ.ഡി.എ പേരിൽമാത്രമൊതുങ്ങി
ജലീൽ അരൂക്കുറ്റി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട ദയനീയ തോൽവിയെക്കുറിച്ചുള്ള വിലയിരുത്തൽ പാർട്ടിക്കുള്ളിൽ
പൊട്ടിത്തെറി തന്നെ സൃഷ്ടിച്ചേക്കും. വൻതോതിൽ പണമൊഴുക്കിയിട്ടും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ബൂത്തുതലത്തിൽ നിയോഗിച്ച് പ്രചാരണം നടത്തിയിട്ടും 239 ബൂത്തുകളിൽ ഒന്നിൽപോലും മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പാർട്ടിയിലെ ചേരിപ്പോരും ബി.ഡി.ജെ.എസിന്റെ നിസഹകരണവും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും നിലനിൽപുതന്നെ ചോദ്യം ചെയ്യുന്നതാണ്.
വർഗീയത വിളമ്പിയ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗവും അറസ്റ്റും വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് കണക്കുകൂട്ടിയ ബി.ജെ.പിക്ക് അവിടെയും പിഴച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ജോർജ് ബി.ജെ.പിക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ നേതാവ് എസ്. സജി 15,483 വോട്ട് നേടിയപ്പോൾ ഇക്കുറി മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ രാധാകൃഷ്ണന് 12,957 വോട്ട് മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശുപോലും ലഭിക്കാത്ത വിധം പരാജയത്തിന്റെ രുചി അറിയേണ്ടി വന്നത് ബി.ജെ.പിക്കുള്ളിലെ വിഭാഗീയത വീണ്ടും ശക്തമാക്കുകയാണ്. സ്ഥിരം മത്സരാർഥിയായ എ.എൻ രാധാകൃഷ്ണനെ ഇറക്കുന്നതിന് പകരം പുതുമുഖങ്ങൾക്കോ യുവാക്കൾക്കോ അവസരം നൽകണമെന്ന നിർദേശം പാർട്ടി നേതൃത്വം തുടക്കത്തിലെ തന്നെ തള്ളിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് കേന്ദ്രത്തിൽനിന്ന് ഫണ്ട് തരില്ലെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം ഈ നിർദേശം തള്ളിയത്. മത്സരിക്കാനുള്ള സന്നദ്ധതയ്ക്ക് പിന്നിൽ സാമ്പത്തിക താൽപര്യമാണെന്ന പ്രചാരണം ബി.ജെ.പിക്കുള്ളിൽ തന്നെ ശക്തമായത് പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെയും പി.സി ജോർജിനെയും കളത്തിലിറക്കിയെങ്കിലും പാർട്ടിക്കുള്ളിലെ യുവാക്കൾക്കിടയിൽപോലും യാതൊരു ഓളവും സൃഷ്ടിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.ബി.ഡി.ജെ.എസ് വേണ്ടത്ര പ്രവർത്തിക്കാതെ വന്നതോടെ എൻ.ഡി.എ എന്നത് പേരിൽ മാത്രം ഒതുങ്ങുകയായിരുന്നു. എസ്.എൻ.ഡി.പി വിഭാഗത്തിൻ്റെ വോട്ടുകൾ മറ്റു മുന്നണികൾക്കായി പോയപ്പോൾ ബി.ജെ.പി കാഴ്ചക്കാർ മാത്രമായിപ്പോയി. ഇതിലും ബി.ജെ.പി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."