ഒടുവിൽ 383 പ്രധാനാധ്യാപകർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവ്
മെയ് 11ന് ഇറങ്ങേണ്ട ഉത്തരവാണ് അധ്യയനവർഷം തുടങ്ങിയതിന് ശേഷം ഇറക്കിയത്
കൽപ്പറ്റ
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കേണ്ട പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റം ഒടുവിൽ അംഗീകരിച്ച് വകുപ്പ്.
മാധ്യമ വാർത്തകളെ തുടർന്നാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 383 പ്രധാനാധ്യാപകർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 11നായിരുന്നു ഉത്തരവ് ഇറങ്ങേണ്ടിയിരുന്നത്. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടും ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ ഡയരക്ടർ അധ്യാപകരെ വെല്ലുവിളിക്കുകയായിരുന്നു. ഇതാണ് വാർത്തകളെയും പ്രതിഷേധങ്ങളെയും തുടർന്ന് അവസാനിപ്പിച്ചത്.
സർവിസ് സീനിയോറിറ്റി പ്രകാരം പൊതുസ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന് ഏപ്രിൽ നാലിനാണ് ഡി.ജി.ഇ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 12 മുതൽ 18 വരെ സ്ഥലംമാറ്റ അപേക്ഷ സ്വീകരിച്ചു. ഏപ്രിൽ 11ന് മുമ്പായി നിലവിലുള്ള ഒഴിവുകളും ജൂൺ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോർട്ട് തയാറാക്കാൻ ഡി.ഡി.ഇമാർക്ക് ഡി.ജി.ഇ നിർദേശവും നൽകി.
ഏപ്രിൽ 22ന് ലഭ്യമായ അപേക്ഷകളുടെ പരിശോധനയും, ഏപ്രിൽ 27ന് കരട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെ കരട് ലിസ്റ്റിലെ പരാതികൾ കേട്ടു. മെയ് അഞ്ചിന് അന്തിമ ലിസ്റ്റുമിറക്കി. എന്നാൽ മെയ് 11ന് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകുമെന്ന ഉത്തരവിലെ പ്രധാനഭാഗം മാത്രം നടപ്പിലാക്കിയില്ല. ഇത് അധ്യാപകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. പൊതുസ്ഥലം മാറ്റത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ഏപ്രിൽ 18ന് 71 പേരെ എച്ച്.എം, എ.ഇ.ഒമാരായി സഥാനക്കയറ്റം നൽകി ഉത്തരവിറക്കിയതാണ് സീനിയറായ അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാൻ വൈകിയതിന് പ്രധാന കാരണം. 71 ആളുകൾക്ക് സ്ഥാനക്കയറ്റം നൽകിയിറക്കിയ ഉത്തരവ് ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."