കാലാവസ്ഥാ നിരീക്ഷണത്തിന് ഇനി ഡ്രോണുകളും
ന്യൂഡൽഹി
കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന അന്തരീക്ഷത്തിലെ റേഡിയോസോണ്ട് ബലൂണുകൾക്കു പകരം ഡ്രോണുകൾ ഉപയോഗിക്കാൻ ഇന്ത്യ.
ലോകത്ത് ആദ്യമായാണ് അന്തരീക്ഷസ്ഥിതി പഠനത്തിനും നിരീക്ഷണത്തിനും ഡ്രോൺ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്.
ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ ആണ് കാലാവസ്ഥാ വിവരം തേടാൻ ഡ്രോണുകളെ ഉപയോഗിക്കുമെന്ന് അറിയിച്ചത്. ഇതിനായി സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (ഐ.എം.ഡി) രാജ്യത്തെ 550 പ്രദേശത്തെ വെതർ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരത്തോടൊപ്പം 55 ലൊക്കേഷനുകളിലെ അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ ബലൂണുകളിലെ വിവരവും ലഭിക്കുന്നുണ്ട്. ഇതിനുപകരം ഡ്രോണുകളെ ഉപയോഗിക്കാനാണ് ഐ.എം.ഡി ഉദ്ദേശിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്ന് 5 കി.മീ വരെ ഉയരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് വിവരം ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.
കാലാവസ്ഥാ നിരീക്ഷണത്തിന് റേഡിയോസോണ്ടുകളേക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭമുള്ളതും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമാണ്. അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലെ വിവരം ഒരേ ഡ്രോൺ ഉപയോഗിച്ചുതന്നെ ഉപയോഗിക്കാനും കഴിയും.
40 മിനുട്ട് പറന്നാൽ ഡ്രോണിന് അന്തരീക്ഷത്തിലെ വിവരം ശേഖരിക്കാനാകുമെന്നും റേഡിയോസോണ്ടുകൾക്ക് രണ്ടു മണിക്കൂറേ ഡാറ്റ ശേഖരിക്കാനാകൂവെന്നും ഐ.എം.ഡി പറയുന്നു. വിജയകരമാണെന്നു തെളിഞ്ഞാൽ പ്രതിദിനം നൂറി ലേറെ റേഡിയോസോണ്ടുകൾ ഇത്തരത്തിൽ ഉപയോഗശൂന്യമാകുന്നതും തടയാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."