മണിച്ചന്റെ ജയിൽ മോചനം: സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി
തിരുവനന്തപുരം
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം സംബന്ധിച്ച് സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. മണിച്ചൻ ഉൾപ്പടെ 33 തടവുകാരെ മോചിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനുള്ള ഫയൽ തിരിച്ചയച്ചത് ഗൗരവമേറിയ വിഷയമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഫയലിൽ ചില സംശയങ്ങൾ ഉള്ളത് കൊണ്ടാണ് തിരിച്ചയച്ചത്. അതിൽ വ്യക്തത വന്നാൽ ഉടൻ തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു.
മണിച്ചനുൾപ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സർക്കാർ നൽകിയ മറുപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്ത 64 പേരുടെ പട്ടിക 33 ആയി ചുരുങ്ങിയതെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. മോചന കാര്യത്തിൽ നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതിയും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. മെയ് 20നാണ് കോടതിയുടെ ഉത്തരവുണ്ടായത്.
മണിച്ചന്റെ വിടുതൽ ശുപാർശ ഗവർണർ അംഗീകരിച്ചേക്കും. എന്നാൽ കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാര തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചന് പുറത്തിറങ്ങാൻ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."