തന്നെ ജയിലിലിട്ടത് എന്തിനെന്ന് ആര്യൻ ഖാൻ
മുംബൈ
തന്നെ ജയിലിലിട്ടത് എന്തിനെന്ന് ലഹരിക്കേസ് അന്വേഷണത്തിനിടെ ഷാറൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ചോദിച്ചതായി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ആര്യൻഖാനെ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലിടുകയും പിന്നീട് പങ്കില്ലെന്ന് കണ്ടെത്തി വിട്ടയക്കുകയുമായിരുന്നു.
തന്നെ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെടുത്തിയല്ലോയെന്നും എന്തിനാണ് കള്ളപ്രചാരണം നടത്തിയതെന്നും ആര്യൻഖാൻ ചോദിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകിയ എൻ.സി.ബി ഉദ്യോഗസ്ഥൻ സഞ്ജയ് സിങ് പറഞ്ഞു. എൻ.സി.ബിയിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയാണ് ആര്യനെ അറസ്റ്റ് ചെയ്യുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലിടുകയും ചെയ്തത്. സമീറിനെ മാറ്റിയതിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ഉദ്യോഗസ്ഥരാണ് 24കാരനായ ആര്യൻഖാന്റെ വിവരം പുറത്തുവിട്ടത്. തുറന്ന മനസോടെയാണ് ആര്യൻ സംസാരിച്ചതെന്നും തന്നെ ആഴ്ചകളോളം ജയിലിലിട്ടത് എന്തിനാണെന്ന് ആര്യന് അറിയില്ലായിരുന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു. ആര്യന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. ഇക്കാര്യം പിതാവ് ഷാറൂഖ് ഖാനെ കണ്ട് പറഞ്ഞിട്ടുണ്ട്. ആര്യൻ രാത്രി ഉറങ്ങുന്നില്ലെന്നും അവനൊപ്പമാണ് രാത്രി കഴിച്ചുകൂട്ടുന്നതെന്നും ഷാറൂഖ് ഖാൻ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."