രാഹുല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും; എ.ഐ.സി.സി ഓഫിസ് പരിസരത്ത് നിരോധനാജ്ഞ
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഓഫിസിലെത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
എ.ഐ.സി.സി ആസ്ഥാനം പൊലിസ് വലയത്തിലാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്നില്‍ കണ്ട് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു.
ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
അതേസമയം, രാഹുലിനെ ചോദ്യംചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ.ഡി. ഓഫീസുകൾക്കുമുമ്പിലും കോൺഗ്രസ് ധർണനടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."