ഇല്ലായ്മയെ വരുമാനമാക്കുന്നവര്‍
മുഹമ്മദ്
വീട്ടുവാതില്‍ക്കല്‍ വന്ന് യാചകന്‍ ചോദിച്ചു: ''വല്ലതും തരുമോ..?''
വീട്ടുകാര്‍ പറഞ്ഞു: ''ഞങ്ങളിതുവരെ റൊട്ടി ചുട്ടിട്ടില്ല..''
''എങ്കില്‍, അല്‍പം ധാന്യപ്പൊടി തന്നാലും മതി.''
''ക്ഷമിക്കണം.. ഞങ്ങളുടെ പക്കല്‍ ധാന്യപ്പൊടിയില്ല.''
''എന്നാല്‍ അല്‍പം ദാഹജലം...? വല്ലാതെ ദാഹിക്കുന്നുണ്ട്..''
''അതും ഇല്ലല്ലോ..''
''തലയില്‍ തേച്ചുപിടിപ്പിക്കാന്‍ അല്‍പം എണ്ണ കിട്ടുമോ..?''
''എണ്ണയോ..?! ഞങ്ങള്‍ക്കെവിടെ എണ്ണ..?''
ചോദിക്കുന്നതിനൊന്നും അനുകൂലമായ മറുപടി ലഭിക്കാതിരുന്നപ്പോള്‍ യാചകന്‍ പറഞ്ഞു:
''എങ്കില്‍ എന്തിനിങ്ങനെ കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്നു.. വരൂ, നമുക്കൊന്നിച്ചു യാചനയ്ക്കിറങ്ങാം..!''
കഴിവുകളെ വരുമാനമാര്‍ഗമാക്കിയെടുക്കുന്നവരുണ്ട്. കഴിവുകേടുകളെ വരുമാനമാര്‍ഗമാക്കുന്നവരുമുണ്ട്. ഇല്ലെങ്കില്‍ ഇല്ലായ്മയെ ജീവിതമാര്‍ഗമാക്കുന്നു ചിലര്‍. ഇല്ലെങ്കില്‍ ഇല്ലാത്തത് ഉള്ള കഴിവുകളുപയോഗപ്പെടുത്തി ഉണ്ടാക്കിയെടുക്കുന്നു വേറെ ചിലര്‍. ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ജീവിക്കുന്നവരും ജനങ്ങളുടെ സ്‌നേഹാദരം പിടിച്ചുപറ്റി ജീവിക്കുന്നവരുമുണ്ട്. ഒരു വിഭാഗം തങ്ങളുടെ വൈകല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പണം കൊയ്യുന്നു. മറ്റൊരു വിഭാഗം വൈകല്യങ്ങള്‍ക്കിടയിലും കഴിവുകള്‍ ഉയര്‍ത്തിക്കാട്ടി വിജയഭേരി മുഴക്കുന്നു. കിട്ടിയ കഴിവുകള്‍ക്കിടയില്‍ കിട്ടാത്ത കഴിവുകളെ തിരഞ്ഞാണ് ചിലര്‍ നടക്കുന്നത്. കിട്ടാത്ത കഴിവുകള്‍ക്കിടയിലും കിട്ടിയ കഴിവുകളെ ഉപയോഗപ്പെടുത്തിയാണ് വേറെ ചിലര്‍ മുന്നേറുന്നത്. പരിമിതികള്‍ക്കിടയിലും പരമാവധി പുരോഗതി പ്രാപിക്കാനാണ് ഒരു പറ്റമാളുകള്‍ പരിശ്രമിക്കുന്നത്. പരിമിതികള്‍വച്ച് പരമാവധി മുതലെടുപ്പു നടത്താനാണ് മറ്റൊരു പറ്റം ആളുകള്‍ പരിശ്രമിക്കുന്നത്.
ഇല്ലായ്മയെ മുതലെടുത്ത് യാചിച്ചും ചോദിച്ചും നടക്കാന്‍ കഴിവുവേണ്ട, കഴിവുകേട് മതി. ഇല്ലാത്തതെത്രയുണ്ടെങ്കിലും ഉള്ളതുപയോഗിച്ച് മുന്നോട്ടുപോകാന്‍ കഴിവുകേടല്ല, കഴിവാണു വേണ്ടത്. യാചിച്ചു കിട്ടുന്ന നൂറു രൂപയ്ക്കു പത്തുരൂപയെ അപേക്ഷിച്ചു നോക്കിയാല്‍ കൂടുതല്‍ മൂല്യം കാണുമെങ്കിലും വില കുറയും. തൊഴിലെടുത്ത് കിട്ടുന്ന പത്തുരൂപയ്ക്കു നൂറു രൂപയെ അപേക്ഷിച്ചു നോക്കിയാല്‍ മൂല്യം കുറയുമെങ്കിലും വില കൂടും. യാചിച്ചുണ്ടാക്കിയ കൊട്ടാരത്തെക്കാള്‍ അധ്വാനിച്ചുണ്ടാക്കിയ കൂരയ്ക്കുതന്നെയാണു സൗന്ദര്യം. സ്വന്തം അധ്വാനഫലത്തില്‍നിന്നുകൊണ്ടുള്ള ജീവിതത്തിനാണ് ജനങ്ങളുടെ അധ്വാനഫലത്തില്‍നിന്നുകൊണ്ടുള്ള ജീവിതത്തെക്കാള്‍ മാഹാത്മ്യം.
ഒരു കടക്കാരനെ പറയാം. അയാളുടെ കടയില്‍ വേണ്ടത്ര ചരക്കുകളില്ല. ചരക്കുകള്‍ വാങ്ങിവയ്ക്കാന്‍ പണപ്പെട്ടിയില്‍ പണമുണ്ടുതാനും. എന്നിട്ടും അയാള്‍ ചെയ്ത വേലയെന്തെന്നോ..? പണം മറച്ചുപിടിച്ച് അയാള്‍ പരിസരങ്ങളിലെ കടകളിലേക്കിറങ്ങി.. കണ്ണില്‍ കണ്ട കടക്കാരോടെല്ലാം പറഞ്ഞു: ''കടയില്‍ സാധനങ്ങളില്ല.. വല്ലതും നല്‍കി സഹായിക്കണം...!''
ഈ കടക്കാരന്റെ സ്ഥിതി എത്ര കഷ്ടമാണെന്നാലോചിച്ചുനോക്കൂ. ഇയാളുടെ പേരാണ് യാചകന്‍..!
യാചിക്കാന്‍ കഴിവുണ്ട്, അധ്വാനിക്കാന്‍ കഴിവില്ല..! യാചിക്കാന്‍ അധ്വാനമുണ്ടെങ്കിലും ആ അധ്വാനം തൊഴിലിലേക്കു മാറ്റിവയ്ക്കില്ല; യാചനയ്‌ക്കേ ഉപയോഗിക്കൂ...!
യാചകന്‍ പറയാതെ പറയുന്നതിതല്ലേ..
യാചിക്കാന്‍ ചെലവിടുന്ന അധ്വാനം ലളിതമായ വല്ല തൊഴിലിനും നീക്കിവച്ചിരുന്നെങ്കില്‍ അഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കാമായിരുന്നു. പണം പോയി പവര്‍ വരട്ടെയെന്ന നിലപാടുകള്‍ക്കിടയില്‍ പവര്‍ പോയി പണം വരട്ടെയെന്ന നിലപാടിന് തുച്ഛമായ വിലയേ കാണൂ. വില കുറഞ്ഞ ആ നിലപാടെടുക്കുന്നതുകൊണ്ടാണ് യാചകന്മാര്‍ സമൂഹത്തില്‍ വില കുറഞ്ഞവരായി മാറുന്നത്.
ലോകത്ത് അനേകമനേകം സര്‍ട്ടിഫിക്കറ്റുകളുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കിടയില്‍ ഏറ്റം തരംതാഴ്ന്നത് യാചകന്മാര്‍ ഏറ്റിനടക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ്. എനിക്കു കഴിയും എന്നതിനല്ല, എനിക്കൊന്നിനും കഴിയില്ലെന്നതിനാണ് ആ പത്രം സാക്ഷ്യംവഹിക്കുന്നത്. യോഗ്യനാണെന്നല്ല, അയോഗ്യനാണെന്നാണതു ചൂണ്ടിക്കാണിക്കുന്നത്. ഇയാളെ ഉപയോഗപ്പെടുത്തിക്കോളൂ എന്നല്ല, ഉപയോഗപ്പെടുത്തേണ്ടതില്ലെന്നാണ് അതു പറയുന്നത്. എന്തൊക്കെയുണ്ട് എന്നല്ല, എന്തൊക്കെ ഇല്ല എന്നാണത് തുറന്നുകാട്ടുന്നത്. അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാന്‍ നടക്കുന്നതും ഉണ്ടാക്കിക്കൊടുക്കുന്നതും ഉന്നതമായൊരു സാമൂഹികസംസ്‌കാരത്തിനു ചേരുന്നതാണോ..?
ഇനി നീ മറ്റുള്ളവരുടെ അധ്വാനഫലങ്ങള്‍ തേടിയിറങ്ങിക്കോളൂ എന്നാണ് യാചനാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ യാചകന്മാരോട് പറയുന്നത്. എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും അതില്‍ വളര്‍ത്തലില്ല, മുരടിപ്പിക്കലേയുള്ളൂ. ഉയര്‍ത്തലില്ല, താഴ്ത്തലേയുള്ളൂ. അതൊരു ജോലി നല്‍കലല്ല, 'പണി'കൊടുക്കലാണ്. ഏറ്റെടുക്കലല്ല, കൈയ്യൊഴിയലാണ്. ഔദാര്യവാന്മാരിലേക്കു പറഞ്ഞുവിടുന്നതിനു പകരം ഔദാര്യവാന്മാരെ കണ്ട് സഹായങ്ങള്‍ വാങ്ങിക്കൊടുക്കുകയോ സ്ഥിരവരുമാനത്തിനു വഴിയുണ്ടാക്കിക്കൊടുക്കുകയോ ചെയ്താല്‍ ഇല്ലാത്തവര്‍ യാചകരായി നാടുതെണ്ടില്ല. അവരുടെ അഭിമാനത്തിനുമുണ്ടല്ലോ ഒട്ടും ചെറുതല്ലാത്ത വില.
ഇല്ലായ്മയെ എത്രയും വേഗം നികത്തി പരിഹാരമുണ്ടാക്കേണ്ടതിനുപകരം അതിനെ നിലനിര്‍ത്തി വരുമാനമാക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം എന്നും താഴെക്കിടയിലായിരിക്കും. യാചന തൊഴിലാക്കിയവര്‍ എന്നും യാചകരായി തുടരുന്നതുകൊണ്ടാണ് അവരുടെ പ്രാരാബ്ദങ്ങള്‍ തീരാറില്ല; തീരുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."