അനധികൃത ഖനനം; കൂടരഞ്ഞി ലിറ്റില്‍ഫ്‌ളവര്‍ പള്ളിക്കെതിരേ ജിയോളജി വകുപ്പ് റവന്യൂ റിക്കവറി നടപടിയിലേക്ക്
താമരശേരി (കോഴിക്കോട്);
അനധികൃത ക്വാറി ഖനനത്തിന് പിഴയൊടുക്കാത്തതില്‍ താമരശേരി രൂപതയ്ക്ക് കീഴിലെ പള്ളിക്കെതിരേ റവന്യൂ റിക്കവറി നടപടിയിലേക്ക് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5ലക്ഷം രൂപ ഒടുക്കാത്തതിനാല്‍ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് കൂടരഞ്ഞി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് വികാരിക്ക് നോട്ടിസയച്ചു. ക്വാറി പ്രവര്‍ത്തിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കാന്‍ കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ക്ക് ജിയോളജി വകുപ്പ് നിര്‍ദേശവും നല്‍കി.
കൂടരഞ്ഞി വില്ലേജില്‍, താമരശേരി രൂപതയ്ക്ക് കീഴില്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ പേരിലുള്ള ഭൂമിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്ക് അനുമതിയില്ലെന്ന കണ്ടെത്തലില്‍ 23,53,013 രൂപ പിഴയൊടുക്കാനായിരുന്നു കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റെ ഉത്തരവ്.
ഏപ്രില്‍ 30നകം പിഴയൊടുക്കണമെന്ന നിര്‍ദേശം ഇതുവരെ പാലിക്കപ്പെടാത്തതിനാലാണ് നടപടി കടുപ്പിക്കുന്നത്. ഈ മാസം 15നകം പിഴത്തുക ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്ന് കാണിച്ച് ജില്ലാ ജിയോളജിസ്റ്റ് പള്ളി വികാരിക്ക് ഡിമാന്‍ഡ് നോട്ടിസ് അയച്ചിട്ടും രൂപതയോ പള്ളിവികാരിയോ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് റവന്യൂ റിക്കവറിയിലേക്ക് കടക്കുന്നത്. നടപടിക്ക് മുന്നോടിയായി ക്വാറി പ്രവ!ര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത, കൈവശാവകാശം തുടങ്ങിയ വിവരങ്ങള്‍ നല്‍കാനാണ് കൂടരഞ്ഞി വില്ലേജ് ഓഫിസറോട് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കിട്ടുന്ന മുറയ്ക്ക് റവന്യൂ റിക്കവറിക്കായി എ.ഡി.എമ്മിനോട് ശുപാര്‍ശ ചെയ്യും.
2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം ചെയ്തതായാണ് കണ്ടെത്തിയത്. 3200ഘനമീറ്റര്‍ കല്ലെടുക്കാനുളള അനുമതി പള്ളി അധികൃതര്‍ നേടിയിരുന്നു. എന്നാല്‍ 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അനുമതിയില്ലാതെ ഖനനം ചെയ്തതിനാണ് നടപടി. ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടുമാസത്തിനകം നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ലാ ജിയോളജിസ്റ്റ് പിഴ ചുമത്തിയത്.
താമരശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയില്‍, ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് വികാരി ഫാദര്‍ മാത്യു തെക്കെടിയില്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. പള്ളിയുടെയും ഇതിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും ആവശ്യത്തിനായാണ് കല്ല് ഉപയോഗിച്ചതെന്നാണ് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് അധികൃതരുടെ വിശദീകരണം. അതേസമയം നടപടികളോട് രൂപത നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."