റോഡപകടങ്ങളിലെ ഇരകള്‍ക്ക് രക്ഷകനായി ഹാഷിം ഇവിടെയുണ്ട്
മണ്ണഞ്ചേരി : രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം തെരുവിലാടുമ്പോള് രക്ഷകന്റെ മേലങ്കിയണിഞ്ഞ് വിഖായയുടെ സാരഥിയായി ഹാഷിം. നിത്യേന ഉറക്കമൊഴിച്ച് സഹജന് താങ്ങാകാന്‍ ഈ യുവത്വത്തിന് സന്തോഷമെയുള്ളു.
ആതുരസേവന പാതയില്‍ രണ്ടുവര്‍ഷമായി നിലയുറപ്പിച്ച ആബുലന്‍സ് ഡ്രൈവറാണ് ഈ യുവാവ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 17 ാം വാര്‍ഡില്‍ തെക്കേവെളിയില്‍ കാസിം - സാബിദ ദമ്പതികളുടെ മൂന്നുമക്കളില്‍ ഏക ആണ്‍തരിയാണ് റോഡപകടങ്ങളുടെ ഇരകളുടെ രക്ഷകനായി എത്തുന്ന ഹാഷിം. ദേശീയപാതയില്‍ നഗരത്തിന് വടക്കോട്ട് ചേര്‍ത്തലവരെ നിത്യേനയെന്നോണം അപകടങ്ങളും മരണങ്ങളും പെരുകുകയാണ്.
ഇത് മനസിലാക്കിയാണ് സഹജീവികള്‍ക്ക് സ്വാന്തനമേകാന്‍ നിലകൊള്ളുന്ന എസ്.കെ.എസ്.എസ്.എഫിന്റെ സഹായ വിഭാഗമായ സഹചാരി മെഡികെയറിന്റ ആബുലന്‍സ് സൗകര്യം കലവൂര്‍ കേന്ദ്രീകരിച്ച് ആറുമാസം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയത്.
സമസ്തയുടെ സംഘടനാപ്രവര്‍ത്തകര്‍ ആബുലന്‍സ് പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഡ്രൈവറായി ഉയര്‍ന്നുവന്ന പേര് ഹാഷിമിന്റെതായിരുന്നു. നാട്ടില്‍ ഹാഷിമിന് അത്രമേല്‍ മതിപ്പാണുള്ളത്. ആരുമില്ലാത്തവരെ ആശുപത്രിയില്‍ എത്തിച്ച് തിരികെപ്പോകാന്‍ ഹാഷിമിന് മനസനുവദിക്കില്ല.
ചെയ്യാവുന്ന സഹായങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കിയാകും ഹാഷിം അടുത്ത സഹായ വിളി ഉയരുമ്പോള്‍ അവിടോയ്ക്കു യാത്രയാകുക. ജീവിതപങ്കാളിയായ ഫൗസിയ ഏകമകന് ആസീഫിനെ ചേര്‍ത്ത് തന്റെ ഭര്‍ത്താവിന്റെ സഹായവഴി താണ്ടലിനെ പ്രാര്‍ഥനയോടെ പിന്തുണയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."