രാഷ്ട്രപതി സ്ഥാനാർഥിക്ക് സ്വീകരണം: തമ്മിലടിച്ച്് മുന്നണികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വീകരിക്കുന്നതിൽ തമ്മിലടിച്ച് എൽ.ഡി.എഫും യു.ഡി.എഫും.
ചൊവ്വാഴ്ച രാത്രി യശ്വന്ത് സിൻഹ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ എൽ.ഡി.എഫ് നേതാക്കളാരും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ഇതിനുമറുപടിയുമായി മന്ത്രിമാർ എത്തിയതോടെ രംഗം ചൂടുപിടിച്ചു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ സ്വീകരിക്കുന്നതിൽ ഒരുമയോടെ നിൽക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയാതിരുന്നത് കല്ലുകടിയായി.ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ എൽ.ഡി.എഫ് നേതാക്കൾ വിമാനത്താവളത്തിൽ എത്താതിരുന്നത് നരേന്ദ്ര മോദിയെ പേടിച്ചിട്ടാകുമെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് ആദ്യം വെടിപൊട്ടിച്ചത്.
സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹയ്ക്കു വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സി.പി.എമ്മിൽ നിന്ന് യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും വന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു. സ്വർണക്കടത്തുകേസ് ഒത്തുതീർപ്പിന്റെ ഭാഗമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി.പി.എം മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണെന്നായിരുന്നു സുധാകരന്റെ കുറിപ്പ്.
മന്ത്രിമാരാരും വിമാനത്താവളത്തിലെത്താത്തതിനെ പ്രതിപക്ഷ നേതാവും വിമർശിച്ചു. മോദിയെ ഭയന്നിട്ടാണോ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ എത്താതിരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സതീശൻ പറഞ്ഞു.
പിന്നാലെ ഇന്നലെ രാവിലെ പ്രതിപക്ഷത്തിന്റെ ഐക്യത്തോട് കെ. സുധാകരന് അലർജിയാണെന്ന് മന്ത്രി റിയാസ് തിരിച്ചടിച്ചു. കെ. സുധാകരന്റെ പോസ്റ്റ് അദ്ഭുതപ്പെടുത്തിയെന്നും യശ്വന്ത് സിൻഹയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരിൽ ഒരാൾ മന്ത്രി പി.രാജീവാണെന്നും മന്ത്രി റിയാസ് കുറിച്ചു. പിന്നാലെ മന്ത്രി രാജീവും പ്രതികരണവുമായി എത്തി. കെ.പി.സി.സി പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
യശ്വന്ത് സിൻഹ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഉണ്ടായിരുന്നു. തുടർന്ന് താമസസൗകര്യം ഏർപ്പെടുത്തിയിരുന്ന മാസ്‌കോട്ട് ഹോട്ടലിൽ അദ്ദേഹം എത്തിയപ്പോൾ അവിടെ സ്വീകരിക്കാൻ മന്ത്രി പി. രാജീവ് ഉണ്ടായിരുന്നു. വിവാദത്തിനു പിന്നാലെ ഇന്നലെ നിയമസഭയിൽ യശ്വന്ത് സിൻഹ എൽ.ഡി.എഫ്, യു.ഡി.എഫ് എം.എൽ.എമാരെ പ്രത്യേകമായിരുന്നു കണ്ടത്. പ്രതികരിക്കാനില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യശ്വന്ത് സിൻഹയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."