ഇസ്‌ലാമിക് സെന്റര്‍ ; അറിവും അലിവും ഒന്നിക്കുന്നിടം
റഹീം വാവൂര്‍
പലവിധ സാരങ്ങള്‍ ചേര്‍ന്ന ഗ്രാമീണ മനുഷ്യരുടെ നാടാണ് ആക്കോട്. 'ആക്കോട്' എന്ന നാട്ടുപേരില്‍ ഒരു ' കോഡു'ണ്ട്. വരും കാലത്തേക്കുള്ള സൂചനപോലെയാണ് പേരിലെ ആ കോഡ് നിലനില്‍ക്കുന്നത്. മലയാളത്തിന്റെ ആകാശക്കോണില്‍ അക്ഷര വിന്യസത്തിന്റെ മഴവില്ലഴക് പകരുന്ന അറിവിന്‍ ഗോപുരങ്ങളാല്‍ തുടര്‍കാലങ്ങളില്‍ ഇവിടം ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കും. 'ഇസ്‌ലാമിക് സെന്റര്‍' വിരിപ്പാടത്തില്‍ തുടങ്ങി ആക്കോടിലേക്ക് വ്യാപിച്ചതാണ്.
അതിശയമെന്ന് അടിക്കുറിപ്പെഴുതാന്‍ പാകത്തിലുള്ള വിദ്യാഭാസ മുന്നേറ്റത്തിന് ഇസ്‌ലാമിക് സെന്ററിലൂടെ ഈ നാട് സാക്ഷിയാവുകയാണ്. എന്നെക്കുറിച്ച് ഒന്നുമെഴുതരുത് എന്നുപറഞ്ഞ ഒരു മനുഷ്യനാണ് ആക്കോട് ഇസ്‌ലാമിക് സെന്റര്‍ എന്ന അക്ഷരത്തുരുത്തിന്റെ അമരക്കാരന്‍. മുസ്തഫ ഹുദവി ആക്കോടാണ് ഇസ്‌ലാമിക് സെന്ററിന്റെ നിലവിലെ കപ്പിത്താന്‍.
ഉമ്മത്ത് റിലീഫ് കമ്മിറ്റി
വഴികേടിന്റെ വഴിയില്‍ നിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കുക എന്ന ഉദ്ദേശത്തില്‍ സി.വി കബീര്‍ ' ഉമ്മത്ത് റിലീഫ് കമ്മിറ്റി' എന്ന നാമകരണത്തില്‍ തന്റെ നേതൃത്വത്തില്‍ ഒരു വിങ്ങിനെ സജ്ജമാക്കിയിരുന്നു. സംഘം നാട്ടിലെ പൊതുകാര്യങ്ങളില്‍ ധാര്‍മികമായി ഇടപെട്ടുകൊണ്ടിരുന്നു. സി.വിയുടെ കോഴിക്കോട്ടെ ആത്മബന്ധങ്ങളെ ഉപയോഗിച്ച് ഭക്ഷണം, വസ്ത്രം തുടങ്ങിയ ഒട്ടേറെ സഹായങ്ങള്‍ നാട്ടിലെ അര്‍ഹരായ മനുഷ്യരിലേക്ക് അങ്ങനെ പുഴകടന്നുവന്നു. ആത്മപ്രശംസയുടെ ആലസ്യത്തിലേക്ക് ഊര്‍ന്നുപോവാതെ മനോഹരമായി മുന്നോട്ട് പോവുന്ന 'ഉമ്മത്ത് റിലീഫ് കമ്മിറ്റി'യുടെ ഉണര്‍വിൻ്റെ ശോഭയില്‍ നിന്നാണ്; നാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ ആഴത്തില്‍ ഇടപെടണമെന്ന ആലോചനയുടെ വാതില്‍ തുറക്കുന്നത്. നിയ്യത്ത് നന്നാക്കിയ പ്രാര്‍ഥനയായിരുന്നത്.
ഇസ്‌ലാമിക് സെന്റര്‍; ദൃഢനിശ്ചയങ്ങളുടെ കരുത്ത്
തത്വത്തില്‍ നേരത്തെയുള്ളതിന്റെ തുടര്‍ച്ചയാണെങ്കിലും കാര്യത്തില്‍ വിപുലമായ സന്നാഹങ്ങളോടെയാണ് ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വിരിപ്പാടം മാത്രം വിരിയുന്ന ഒന്നാവരുത് എന്ന ഉദ്ദേശ്യത്തില്‍ തുടക്കത്തില്‍ തന്നെ മഹല്ലുകളെ ചേര്‍ത്തുനിര്‍ത്തിയാണ് അതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 2001ലാണ് ആരംഭം. പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മുഖ്യ രക്ഷാധികാരികതയില്‍ തുടങ്ങിയ സംരംഭത്തിന് ആദ്യ ഫണ്ട് നല്‍കിയത് ചെമ്പക്കല്‍ കുഞ്ഞാപ്പു ഹാജിയാണ്. സാക്ഷാത്കാരത്തിന്റെ കൊടി പറത്താന്‍ പിന്നീട് പ്രവാസികളെ സമീപിച്ചു. യു.എ.ഇയിലെ പ്രവാസി മലയാളികള്‍ നീട്ടിത്തന്ന കരുണ കൊണ്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഓലമേഞ്ഞ ഒരു ഷെഡ് കെട്ടി. അഞ്ചാം ക്ലാസ് മദ്‌റസയോടെ മതപഠനത്തിന് ഫുള്‍സ്റ്റോപ്പിടുന്ന ഒരു രീതി അന്നുണ്ടായുരുന്നു. ഭൗതിക വിദ്യാഭാസത്തില്‍ നിന്ന് മതവിദ്യാഭ്യാസത്തിലേക്കുള്ള അകലം കുറക്കുക എന്ന ലക്ഷ്യത്തില്‍ സ്‌കൂള്‍ ട്യൂഷനോടൊപ്പം മതപരമായ വിഷയങ്ങളും ചേര്‍ത്തി പുതിയൊരു സിലബസ് കൊണ്ടുവരികയായിരുന്നു. നടപ്പുരീതികളുടെ പുതുഭാവം കാരണം ആ ശ്രമം വിജയം കണ്ടു. അതിന്റ തുടര്‍ച്ച അഫ്‌ളലുല്‍ ഉലമയിലൂടെ ദാഇയിലേക്ക് എത്തുകയായിരുന്നു. മാറ്റത്തിന് വേണ്ടി ദാഹിക്കുന്ന പുതുതലമുറയുടെ ശബ്ദങ്ങളെ കേള്‍ക്കുകയായിരുന്നു അതിലൂടെ ലക്ഷ്യമാക്കിയത്.
കനിവിന്റെ ചിറകൊതുക്കം
അറിയാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങള്‍ നമുക്ക് കാഴ്ചയും കഥയുമാണ്. ഇപ്പറഞ്ഞതിന്റെ പൊരുള്‍ എന്തുമാത്രമുണ്ടെന്ന് മനസിലായത് ആ വീട്ടില്‍ ചെന്നുകയറിയപ്പോഴാണ്. ദാരിദ്ര്യം വലയ്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് മൂന്ന് യതീം മക്കളടങ്ങുന്ന ആ വീട്ടിലേക്ക് സ്ഥാപന മേധാവികളെത്തുന്നത്. അവരനുഭവിക്കുന്ന ജീവിതം ദയനീയമായിരുന്നു. വിധവയായ ആ ഉമ്മ ജോലിക്ക് പോയാണ് അവരുടെ ജീവിതം പുലര്‍ത്തുന്നത്. സംരക്ഷണത്തിന്റെ ഭാഗമായി മുതിര്‍ന്നു വരുന്ന രണ്ടു മക്കളെ യതീംഖാനയില്‍ ചേര്‍ക്കാം എന്ന ആലോചന ഉമ്മയെ അറിയിച്ചു. കേട്ടനേരം വിങ്ങുന്ന വേദനയില്‍ നിറഞ്ഞ കണ്ണുകളോടെ ആ സ്ത്രീ വിതുമ്പി. ' എന്റെ കുട്ടികള്‍ക്ക് ബാപ്പയെ നഷ്ടപ്പെട്ടു, യതീംഖാനയില്‍ ചേര്‍ത്താല്‍ കൊല്ലത്തില്‍ മൂന്നോ നാലോ തവണയെ എനിക്കവരെ കാണാന്‍ കഴിയൂ. ന്റെ കുട്ടികള്‍ക്ക് ഉമ്മ കൂടി നഷ്ടാവും. എവിടേം കൊണ്ടോവണ്ട. പണിക്കുപോയി ന്റെ കുട്ടികളെ ഞാന്‍ പോറ്റിക്കേളാം'. തന്റെ മൂന്ന് മക്കളെ ചേലോട് ചേര്‍ത്തുപിടിച്ച് വിങ്ങലിനും വിതുമ്പലിനുമിടയില്‍ അത്രയും ആ ഉമ്മ പറഞ്ഞു തീര്‍ത്തപ്പോള്‍ കണ്ടുനിന്നവരിലും കണ്ണീരിന്റെ ഉപ്പ് പടര്‍ന്നു.
കേരളത്തിലെ യതീംഖാനകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു എന്ന വാര്‍ത്തയുടെ പൊരുളായിരുന്നത്. ദാരിദ്ര്യത്തെ സഹനം കൊണ്ട് മറികടന്ന് ബാപ്പയില്ലാതായ തന്റെ മക്കളെ പോറ്റുന്ന വിധവയായ വീട്ടുമ്മമാരുടെ നെഞ്ചിലെ നോവും, മക്കളോട് അവര് കാണിക്കുന്ന അതിരറ്റ വാത്സല്യവും എന്താണെന്ന് ബോധ്യപ്പെട്ട ആ സന്ദര്‍ഭമാണ് യതീം സംരക്ഷണം എന്ന തീരുമാനത്തിന്റെ തുടക്കം.
തുടക്കമെന്നോണം എട്ടോളം മഹല്ലുകളില്‍ ചെന്ന്, ബാപ്പയുടെ മരണത്തിലൂടെ ജീവിതം പ്രയാസമായി നില്‍ക്കുന്ന ഇരുപത്തിനാല് കുടുംബങ്ങളുടെ അപേക്ഷ സ്വീകരിക്കുകയായിരുന്നു. അത്രയും കുടുംബങ്ങളെ ഏറ്റെടുക്കാനുള്ള സാമ്പത്തിക സഹായം തന്ന് അന്ന് കൂടെനിന്നത് മസ്‌കത്തിലെ മത്‌റ മലയാളികളാണ്. ഇരുന്നൂറിലധികം കുടുംബങ്ങളിലേക്ക് കരുണ നീണ്ട ആ ചേര്‍ത്തുവയ്പ്പിന് തുടക്കത്തില്‍ തോളുചേര്‍ന്നു നിന്നതിന്റെ പുണ്യം മത്‌റയിലെ മലയാളി കൂട്ടായ്മക്ക് അവകാശപ്പെട്ടതാണ്.
അപേക്ഷകള്‍ പരിശോധിച്ച് അവരുടെ അര്‍ഹത ഉറപ്പുവരുത്തിയാണ് പ്രവേശനം. കുട്ടികളുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളുടെയും ചെലവ് ഇസ്‌ലാമിക് സെന്റര്‍ വഹിക്കും. എല്ലാമാസവും ഇരുപത്തിയഞ്ചാം തീയതി സ്ഥാപനത്തിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അവര്‍ക്ക് വേണ്ട ഭക്ഷണ സാധങ്ങളുടെ ലിസ്റ്റ് അയക്കുമ്പോള്‍ ഇറച്ചിയും മീനും വാങ്ങാനുള്ള കാശടക്കം അഞ്ചാം തീയതിക്കുള്ളില്‍ അവരവരുടെ വീട്ടുപടിക്കല്‍ എത്തും.
സി.എയും എം.ബി.ബി.എസ് കോച്ചിങ്ങുമൊക്കെ പഠിക്കുന്ന മിടുക്കര്‍ ഇക്കൂട്ടത്തിലുണ്ട്. ആശുപത്രി ആവശ്യങ്ങള്‍ക്ക് ബില്‍തുക സ്ഥാപനം നല്‍കുകയാണ് ചെയ്യുന്നത്. വിവാഹത്തിന് ഒരു കുട്ടിക്ക് ആറുലക്ഷത്തിന്റെ സ്വര്‍ണം എന്ന കണക്കില്‍ വിവാഹത്തിന്റെ മുഴുവന്‍ ചെലവും സ്ഥാപനം വഹിക്കുന്നു. പതിനഞ്ച് കുട്ടികള്‍ക്ക് വിവാഹത്തിലൂടെ പുതുജീവിതം നല്‍കി എന്നത് സ്ഥാപന ചരിത്രത്തിലെ രജത രേഖയാണ്.
യതീം സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതി ആയിരം വീടുകള്‍ എന്ന സ്വപ്നമാണ്. സ്വന്തമായി വീടില്ലാത്ത യതീം കുടുംബങ്ങളെ പാര്‍പ്പിക്കാനുള്ള ഒരിടം. വീടിനോട് ചേര്‍ന്ന് കെ.ജി മുതല്‍ പി.ജി വരെയുള്ള വിദ്യാഭ്യാസ സംവിധാനം. സാധ്യമായ മത്സരങ്ങളെ മനസിലാക്കി ലഭ്യമായ പരീക്ഷകളില്‍ പങ്കെടുപ്പിച്ച് സർക്കാർ ജോലിയടക്കം ഉന്നതമായ സ്ഥാനങ്ങളില്‍ അവരെ എത്തിക്കുക എന്നാണ് ലക്ഷ്യം. ഏറ്റവും പ്രൊഫഷണലായ രീതിയിലാണ് അതിനെ സംവിധാനിക്കുക. സമ്പന്ന കുടുംബാംഗങ്ങളിലെ കുട്ടികള്‍ക്ക് ഫീസ് കൊടുത്ത് നേടാവുന്ന സിസ്റ്റവും അതിലുണ്ടാവും. ഉള്ളവനും ഇല്ലാത്തവനും ഒന്നായിരുന്ന് ഒരു ക്ലാസില്‍ പഠനം തുടരുന്ന മനോഹരമായ കാഴ്ച പകരുന്ന ഒരിടം. സമ്പന്ന വീട്ടിലെ കുട്ടികള്‍ക്ക് ഇല്ലായ്മ അറിഞ്ഞ സഹപാഠിയുടെ ജീവിതത്തെ ഒപ്പം ചേര്‍ക്കാനും, കഷ്ടനഷ്ടങ്ങളുടെ നോവറിഞ്ഞ യതീംകുട്ടിക്ക് പ്രതാപത്തിന്റെ പറുദീസ അറിഞ്ഞ ചെങ്ങാതിക്കൊപ്പം ചേരാനുമാവുന്ന സാംസ്‌കാരികമായ ഉന്നമനവും അതിലൂടെ സാധ്യമാവും.
കുട്ടികളുടെ ഉമ്മമാര്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്ന സംവിധാനമാണ് ഇതിന്റെ തുടര്‍ച്ച. അവര്‍ക്കാവുന്ന തരത്തിലുള്ള തൊഴിലുകളില്‍ വ്യാപൃതരാക്കി വെറുതെ ഇരിപ്പില്‍ നിന്നവരെ മോചിപ്പിക്കുമ്പോള്‍ മാനസികമായ ഉണര്‍വ് അവര്‍ക്കുണ്ടാവും. നഷ്ടപ്പെട്ടതിന്റെ നോവും വന്നുചേരാനുള്ളതിന്റെ വിഹ്വലതയിലും തികഞ്ഞ മനോവിഷാദത്തോടെ നാളുകള്‍ എണ്ണിത്തീര്‍ക്കുന്ന ഏകാന്തതകള്‍ക്ക് അങ്ങനെ വിരാമമാവും. മക്കളുടെ പഠനം പൂര്‍ത്തീകരണത്തോടെ വീട് നല്‍കി നാടുകളിലേക്കവര്‍ മടങ്ങുമ്പോള്‍ തൊഴിലിന്റെ ശമ്പളം വരുംകാലത്തേക്കുള്ള കൂട്ടിവയ്പ്പായി അവരവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടാവും. നേര്‍ച്ചപ്പണത്തില്‍ ജീവിതം പുലരുന്നു എന്ന മനഃസ്ഥാപമില്ലാതെ, യതീമെന്ന വലിയ ബോഡിന് കീഴിലല്ലാതെ പാറാനും പറക്കാനും അനുവദിച്ച് അവരെ നോക്കി നന്നാക്കുകയാണ് ഇസ്‌ലാ മിക് സെന്ററിന്റെ ലക്ഷ്യം.
പ്രബോധന വാതിലുകള്‍
സമന്വയ സംവിധങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന സാമുദായിക ഭാഗധേയത്തെ മനോഹരമായി ആവിഷ്‌കരിക്കുകയാണ് ദഅ്‌വ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഹിഫ്‌ള് കോളജാണ് അതിലെ മുന്‍നിര. ഊര്‍ക്കടവ് ഖാസിം മുസ്‌ലിയാരുടെ നാമധേയത്തിലാണ് സ്ഥാപനം. ഹിഫ്‌ള് കഴിഞ്ഞവര്‍ക്ക് ഇസ്‌ലാമിക് ദഅ്‌വ അക്കാദമിയും. സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പഠനവും നല്‍കുകയാണ് ചെയ്യുന്നത്. നാലാം ക്ലാസില്‍ പഠനം തുടങ്ങുന്നവര്‍ ഏഴാം ക്ലാസ് സ്‌കൂള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം ഖുര്‍ആന്‍ പഠനവും പൂര്‍ണമാവുന്നു. എട്ടാം ക്ലാസ് മുതല്‍ ഖുര്‍ആന്‍ നിലനിര്‍ത്തിയുള്ള പി.ജിവരെയുള്ള തുടര്‍ പഠനം ഇവിടെ സാധ്യമാണ്. പി.ജി കഴിയുന്നതോടൊപ്പം പ്രത്യേകമായ ഒരു വിഷയമെടുത്ത് അതില്‍ ഖുര്‍ആന്‍ എന്തു പറയുന്നു കാലം എന്ത് പറയുന്നു എന്ന വിഷയത്തില്‍ ഓരോ കുട്ടിയും തീസിസ് അവതരിപ്പിക്കണം.
ഷീഫൈന്‍; സ്ത്രീശാക്തീകരണത്തിന്റെ
അക്ഷരവഴി
ഇസ്‌ലാമിക് സെന്ററിന്റെ വിജ്ഞാന മുന്നേറ്റ വഴിയില്‍ നാഴികക്കല്ലായി മാറുമെന്നുറപ്പുള്ള പദ്ധതിയാണ് ഷീഫൈന്‍. പെണ്‍കുട്ടികളാല്‍ നടത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു പ്രൈവറ്റ് യൂനിവേഴ്‌സിറ്റിയാണ് ലക്ഷ്യം.എട്ടാം ക്ലാസ് മുതല്‍ തുടര്‍ന്നങ്ങോട്ട് പി.ജിവരെ ഏത് കോഴ്‌സും ആത്മീയാന്തരീക്ഷത്തില്‍ പഠിച്ചു വളരാനുള്ള ഒരിടമായിരിക്കുമത്. വഴിതെറ്റിപ്പോയ സൗഹൃദങ്ങളിലും അല്ലാതെയുമായി വീടുവിട്ടിറങ്ങി തിരിച്ചു മടക്കങ്ങള്‍ സാധ്യമല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാനുള്ള ഒരിടം എന്നപോലെ കൗണ്‍സിലിങ് സെന്ററാണ് മറ്റൊരു ലക്ഷ്യം.
ജീവിതത്തിന്റെ വസതി എന്നപോലെ തുടര്‍ജീവിതം നിന്നുതുടരാനുള്ള ഒരിടമായിരിക്കുമത്. പ്രായഭേദമന്യേ വന്നു ചേരാനുള്ള നാൽപത് ദിവസത്തെ ജീവിത ശൈലി കോഴ്‌സും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. ചിതറിത്തെറിച്ചു കിടക്കുന്ന ചിന്തകളെ തൂത്തെറിഞ്ഞ് ചിട്ടവട്ടങ്ങളാല്‍ ജീവിതത്തെ ക്രമീകരിക്കുന്നതിന് പരിശീലനം നല്‍കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു ക്‌ളാസ്മുറി സാധ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."