തേങ്കുറുശ്ശി ദുരഭിമാനക്കൊല: ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരെ കുറ്റക്കാരെന്ന് പാലക്കാട് ജില്ല ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന് കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
2020 ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസം തികയവേ ആയിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.
കോയമ്പത്തൂരില്‍നിന്ന് വിവാഹാലോചന വന്നതിന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടര്‍ന്ന് പിതാവ് പ്രഭുകുമാര്‍ കുഴല്‍മന്ദം സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് ഹരിത അറിയിച്ചു.
സ്റ്റേഷനില്‍നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാര്‍ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ പിതാവ് ആറുമുഖന്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 88ാം ദിവസമാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം നടന്ന് 75ാം ദിവസംതന്നെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."