നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് ആസൂത്രകര്‍ മുന്‍കോണ്‍സല്‍ ജനറലുംഅറ്റാഷെയും
സ്വന്തം ലേഖിക
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ആസൂത്രകര്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറലും അറ്റാഷെയുമെന്ന് കസ്റ്റംസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ് ഇക്കാര്യം പറയുന്നത്.
കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബ്, അഡ്മിനിസ്ട്രഷന്‍ അറ്റാഷെയായിരുന്ന റാശിദ് ഖാമിസ് അലി മുശൈഖിരി, ചീഫ് അക്കൗണ്ടന്റായിരുന്ന ഖാലിദ് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് കസ്റ്റംസ് 260 പേജുള്ള കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള അനുമതി വിദേശ മന്ത്രാലയത്തില്‍നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസിന്റെ നടപടി.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രോട്ടോക്കോള്‍ കാറ്റില്‍പറത്തിയാണ് കോണ്‍സല്‍ ജനറലും മറ്റും ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സുരക്ഷാ ഭീഷണി ഒന്നുമില്ലാതിരുന്നിട്ടും കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു.
ഈ സുരക്ഷ ദുരുപയോഗം ചെയ്താണ് ഇവര്‍ സ്വര്‍ണക്കടത്തിന് വഴിയൊരുക്കിയതെന്നും കസ്റ്റംസ് ആരോപിക്കുന്നു.
മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്. മുന്‍ കോണ്‍സല്‍ ജനറല്‍ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. ഡോളര്‍ വിദേശത്തേക്ക് കടത്തിയതാണ് മൂന്നാമത്തേതെന്നും കസ്റ്റംസ് വിശദീകരിക്കുന്നു.
യു.എ.ഇയില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി അനധികൃതമായി കടത്തിയിരുന്ന സ്വര്‍ണമടങ്ങിയ ബാഗേജുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുന്നതിന് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത് എന്നിവര്‍ക്ക് കോണ്‍സല്‍ ജനറലും അറ്റാഷെയും സഹായം നല്‍കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ 21 പ്രാവശ്യം സ്വര്‍ണം കടത്തിയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തതിന് ഇരുവരും പ്രതിഫലം പറ്റിയിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.നയതന്ത്ര ചാനല്‍ വഴി 21 പ്രാവശ്യം സ്വര്‍ണം കടത്തിയതില്‍, 19 തവണയും ബാഗേജ് വന്നത് കോണ്‍സല്‍ ജനറലിന്റെ പേരിലായിരുന്നു.
ഒരു പ്രാവശ്യം അറ്റാഷെയുടെ പേരിലും. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും നിശ്ചിത തുക ഡോളറായി ഇരുവര്‍ക്കും പ്രതിഫലം നല്‍കണമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജമാല്‍ അല്‍സാബി വിയറ്റ്‌നാമില്‍ കോണ്‍സല്‍ ജനറലായിരുന്ന കാലത്തും കള്ളക്കടത്ത് നടത്തിയിരുന്നെന്ന സൂചനയും കസ്റ്റംസ് നല്‍കുന്നുണ്ട്.
അന്ന് വിയറ്റ്‌നാമിലേക്ക് സിഗരറ്റും നിരോധിത മരുന്നുകളും മറ്റും കടത്താന്‍ ഇയാള്‍ ഇടനിന്നിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."