അര്‍ളടുക്കയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം ഏഴുപേര്‍ക്കു പരുക്ക്, ബസ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു
ബദിയടുക്ക: പൈക്കക്ക് സമീപം അര്‍ളടുക്കയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡ് തകര്‍ത്തതായും പരാതിയുണ്ട്.
മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കും നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്ക്. സി.പി.എം പ്രവര്‍ത്തകരായ സജിത് (24), സന്ദീപ് (21), സുജിത് (20) എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകരായ ഭാസ്കരന് (40), വിനോദ് (25), സുരേഷ് (28), കെ.കെ വിനോദ് (26) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്.
സി.പി.എം പ്രവര്‍ത്തകരെ ചെങ്കളയിലെയും ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അര്‍ളടുക്കയില്‍ നിന്ന് ബൈക്കില്‍ കോളിയടുക്കത്തേക്ക് പോകുന്നതിനിടെ സി.പി.എം പ്രവര്‍ത്തകനായ സജിത്തിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതാണ് അക്രമ സംഭവങ്ങളുടെ തുടക്കം. സജിത്തിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സജിത്തിന്റെ സുഹൃത്തുക്കളും സി.പി.എം പ്രവര്‍ത്തകരുമായ സന്ദീപിനും സുജിത്തിനും മര്‍ദ്ദനമേറ്റത്.
അതേസമയം അര്‍ളടുക്കയില്‍ വച്ച് പ്രകോപനമില്ലാതെ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
മൂന്നു പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും ബസ് വെയ്റ്റിങ് ഷെഡ് തകര്‍ത്തതായും ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു. അര്‍ളടുക്ക, ഗോളിയടുക്ക, മാളങ്കൈ ഭാഗങ്ങളില്‍ കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് സി.പി.എം സ്ഥാപിച്ച പതാകകള്‍ കാണാതായതിനെത്തുടര്‍ന്ന് പ്രദേശത്ത് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ബദിയടുക്ക പൊലിസില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."