കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രികളെ 'സഹായിച്ച' സര്‍ക്കാരിന്തിരിച്ചടി
ഉത്തരവിനു സ്‌റ്റേ, പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി
കൊച്ചി: കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ മുറിവാടകനിരക്ക് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിക്കേണ്ടെന്ന് ഹൈക്കോടതി. വാടക നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് 30 വരെ സ്റ്റേ ചെയ്തു.
മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്ന് കഴിഞ്ഞ 16നു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു.
മുറിവാടക ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ല. കൊവിഡ് ചികിത്സയ്ക്കുള്ള ഡോക്ടര്‍ ഫീസ്, നഴ്‌സിങ് നിരക്ക്, പരിശോധനാ മുറികളുടെ നിരക്ക് എന്നിവ നിശ്ചയിച്ച് മെയ് 10ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുവളരെ പ്രശംസനീയമായ ഉത്തരവായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ ഉത്തരവ് മറികടന്ന് പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയില്‍നിന്ന് മുറിവാടക ഒഴിവാക്കിയത് ഗൗരവതരമാണ്. അനുബന്ധ രോഗങ്ങള്‍ ഉള്ളവരുടെ ചികിത്സാനിരക്കിന്റെ കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.മുറിവാടക നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള ഉത്തരവ് ശരിയായ നിലയില്‍ പുനഃപരിശോധിക്കുന്നതിനുവേണ്ടി സര്‍ക്കാരിന് സമയം അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് കോടതി പുതിയ ഉത്തരവ് സ്റ്റേ ചെയ്തത്.
ചികിത്സാ നിരക്ക് നിയന്ത്രിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചതിനെതിരേ സ്വകാര്യ ആശുപത്രികളുടെ സംഘടന സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
വിശദമായ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് ഒരാഴ്ച സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജി 30ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."