ഫലം പ്രഖ്യാപിച്ചിട്ടും ഗ്രേഡ് കാർഡില്ല നട്ടംതിരിഞ്ഞ് കാലിക്കറ്റിലെ ബിരുദ വിദ്യാർഥികൾ മറ്റ് സർവകലാശാലകളിൽ പി.ജി പ്രവേശനത്തിനുള്ള അവസരം നഷ്ടമാവും
സ്വന്തം ലേഖിക
കോഴിക്കോട്
കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഗ്രേഡ് കാര്‍ഡ് അപ്‌ലോഡ് ചെയ്യാത്ത് വിദ്യാർഥികളെ വട്ടംകറക്കുന്നു ഗ്രേഡ് കാർഡ് ലഭിക്കാത്തത് കാരണം മറ്റു സർവകലാശാലകളിൽ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണൂര്‍, എം.ജി അടക്കമുള്ള സര്‍വകലാശാലകള്‍ നേരത്തേ ബിരുദഫലം പ്രഖ്യാപിച്ച് പി.ജി പ്രവേശനത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഈ മാസം പത്താണ് കണ്ണൂരില്‍ അപേക്ഷിക്കാനുള്ള അവസാന തിയതി. മറ്റിടങ്ങളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഗ്രേഡ്കാര്‍ഡിലെ വിജയശതമാനക്കണക്ക് അറിഞ്ഞെങ്കിൽ മാത്രമേ പി.ജിക്ക് അപേക്ഷിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇതറിയണമെങ്കില്‍ തേഞ്ഞിപ്പലത്തെ സര്‍വകലാശാല ആസ്ഥാനത്ത് പോകേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. സർവകലാശാലയിൽ 150 രൂപ കൊടുത്താല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്കുകള്‍ കണക്കുകൂട്ടി നൽകും.
തേഞ്ഞിപ്പലത്ത് എത്താനുള്ള യാത്രചെലവുകള്‍ വേറെയുമുണ്ട്. വെബ് സൈറ്റിൽ ഇത് ലഭ്യമാവണമെങ്കിൽ ഈ മാസം 20 കഴിയണമെന്നാണ് അധികൃതർ നൽകുന്ന മറുപടിയെന്നു വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വെബ്‌സൈറ്റില്‍ നിന്ന് ഗ്രേഡ്കാര്‍ഡിന്റെ കോപ്പിയെടുത്ത് ഉപരിപഠനപ്രവേശന സമയത്ത് സംസ്ഥാനത്തിനകത്തുള്ള സര്‍വകലാശാലകളില്‍ ഹാജരാക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇത്തവണ അതിന് സൗകര്യം ലഭിക്കാത്തതാണ് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നത്.
എന്‍.സി.സി,എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ക്കാന്‍ വൈകിയതാണ് ഗ്രേഡ് കാര്‍ഡ് വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഗ്രേസ്മാര്‍ക്കിനുള്ള അപേക്ഷകള്‍ നേരത്തേ നൽകാറുണ്ട്.
എന്നാൽ ഇവ കൃത്യസമയത്ത് പരിശോധിക്കാനും ഗ്രേഡ് ചേർക്കാനും കാണിക്കുന്ന നിരുത്തരവാദിത്വമാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. മുൻ വർഷങ്ങളിലും കാലിക്കറ്റിൽ ഇതേ അവസ്ഥയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു ഗ്രേഡ് കാര്‍ഡ് ലഭ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."