ഹജ്ജ് തീര്‍ത്ഥാടകരുടെ ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ജയ് ശ്രീറാം വിളിപ്പിച്ചു
ഹജ്ജ് തീര്‍ത്ഥാടകരുടെ ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
ജയ്പൂര്‍: രാജസ്ഥാനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം ഉള്ളിലേക്ക് അതിക്രമിച്ച് കയറി തീര്‍ത്ഥാടകരെ ആക്രമിക്കുകയും അവരോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബുധനാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ആക്രമണത്തില്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ പരുക്കേറ്റു. ജയ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്സാണ് തടഞ്ഞ് ആക്രമിച്ചത്.
തീര്‍ത്ഥാകടരെ യാത്രയാക്കാനായി കയറിയ ചെറിയ കുട്ടുകളുള്‍പ്പെടെയുള്ളവര്‍ ആക്രമണം നടക്കുമ്പോള്‍ ബസ്സിലുണ്ടായിരുന്നു. ബസ്സിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസ്സിനുള്ളില്‍ പൊട്ടിയ വിന്‍ഡോ ഗ്ലാസിന്റെ ചില്ലുകളും കല്ലുകളും കിടക്കുന്നതും സ്ത്രീകള്‍ നിലവിളിക്കുന്നതും ഉള്‍പ്പെടെയുള്ള ഒന്നിലധികം ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമി സംഘം ബസ്സിനുള്ളിലേക്ക് കയറിയ ഉടന്‍ മുന്‍വശത്തിരുന്ന യുവതികളുടെ പേര് ചോദിച്ചു. എല്ലാവരും മുസ്ലിംകളാണെന്ന് അറിഞ്ഞതോടെ ശകാരവാക്കുകള്‍ ചൊരിഞ്ഞ് ആക്രമം തുടങ്ങുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ചില അക്രമികള്‍ ജയ് ശ്രീറാം വിളിക്കാനും ആവശ്യപ്പെട്ടു. ഈ സമയം ചില അക്രമികള്‍ ബസ് കേടുവരുത്താന്‍ ശ്രമിച്ചെന്നും തീര്‍ത്ഥാകര്‍ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന കൗമാരക്കാരി ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും യാത്രക്കാര്‍ പൊലിസിനോട് പറഞ്ഞു.
യാത്രക്കാര്‍ അറിയിച്ചതിനുസരിച്ചെത്തിയ പൊലിസ് ബസ് പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഏതാനും അക്രമികളെ അറസ്റ്റ്‌ചെയ്തതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് വ്യക്തമായിട്ടില്ല. അക്രമികളില്‍ ചിലര്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."